റജീനയുടെ കടം എഴുതിത്തള്ളും
1299816
Sunday, June 4, 2023 6:29 AM IST
മാവേലിക്കര: ഭർത്താവിന്റെ ചികിത്സയ്ക്കായി എടുത്ത ലോൺ എഴുതിത്തള്ളാൻ നിർദേശിച്ച് മന്ത്രി സജി ചെറിയാൻ. ആദിക്കാട്ടുകുളങ്ങര വെളിയിൽ തെക്കേതിൽ പി.ബി. റജീനയുടെ വായ്പയാണ് മന്ത്രിയുടെ ഇടപെടലിൽ എഴുതിത്തള്ളിയത്. മാവേലിക്കര താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് റജീന പരാതിയുമായി എത്തിയത്.
ഭർത്താവിന്റെ ചികിത്സയ്ക്കായാണ് റജീന ബാങ്ക് വായ്പ എടുത്തത്. 13 വർഷം തുടർച്ചയായി ഭർത്താവ് ഇബ്രാഹിം കുട്ടിക്കു ഡയാലിസിസ് ചെയ്യേണ്ടിവന്നു. വൻ തുക മുടക്കി ഭർത്താവിനെ ചികിത്സിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എങ്കിലും തന്നാൽ ആവുന്നതു പോലെയുള്ള ജോലി ചെയ്തു കടങ്ങൾ വീട്ടിവരുമ്പോഴാണ് 2016ൽ ഒരു വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവർക്ക് പിന്നീട് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി.
അപകടത്തിനു ശേഷം റജീനയുടെ ചികിത്സയ്ക്കും മരുന്നിനും മാത്രം മാസം 3800 രൂപ ചെലവാകും. തുച്ഛമായ വരുമാനം കൊണ്ട് ലോൺ അടച്ചുതീർക്കാൻ ഈ നിർധന കുടുംബത്തിനു കഴിയില്ല. ഈ അവസ്ഥ പരിഗണിച്ചാണ് ബാക്കി വായ്പത്തുക എഴുതിത്തള്ളാൻ മന്ത്രി നിർദേശിച്ചത്.