മണ്ണെടുത്ത കുഴി മൂടിയില്ല; അപകടഭീഷണിയിൽ സ്കൂളിലേക്കുള്ള വഴി
1299497
Friday, June 2, 2023 11:10 PM IST
അമ്പലപ്പുഴ: ദേശീയപാത റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഓടയുടെ പണി കഴിഞ്ഞിട്ടു മാസങ്ങളായെങ്കിലും മണ്ണെടുത്ത കുഴി മൂടിയില്ല. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സ്കൂളുകളുടെ മുൻവശവും മറ്റും സഞ്ചാരയോഗ്യമാക്കണമെന്ന കളക്ടറുടെ നിർദേശമാണ് കരാറുകാരൻ കാറ്റിൽ പറത്തിയിരിക്കുന്നത്.
പുറക്കാട് എസ്എൻഎം സ്കൂളിന്റെ മുൻവശത്തെ മണ്ണെടുത്ത കൂഴി മൂടാത്തതു മൂലം വലിയ ഗർത്തങ്ങളാണ് രൂപപെട്ടിരിക്കുന്നത്. ദിവസേന 1800ഓളം വിദ്യാർഥികൾ വന്നുപോകുന്നതുമൂലം അപകട ഭീഷണിയുടെ ഭയപ്പാടിലാണ് രക്ഷകർത്താക്കളും സ്കൂൾ അധികൃതരും.
ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതു മൂലം ഒരാഴ്ചയായി സ്കൂളിൽ കുടിവെള്ളവുമില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജിക്ക് സ്കൂൾ മാനേജർ എം.ടി. മധു പരാതി നൽകി.