ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ
1299491
Friday, June 2, 2023 11:10 PM IST
തുറവൂർ: ദേശീയപാതയിൽ തുറവൂർ മുതൽ അരൂർവരെയുള്ള ഭാഗത്ത് അപകടങ്ങൾ തുടർകഥയാകുന്നു. ആ കാശപാത നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളാണ് അപകടങ്ങൾ വിളിച്ചവരുത്തുന്നത്. തുറവൂർ മുതൽ വടക്കോട്ട് ഇരുവശങ്ങളിലുമായി റോഡിന്റെ മുക്കാൽഭാഗവും ആകാശപാത നിർമാണവുമായി ബന്ധപ്പെട്ട് ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വാഹനങ്ങൾക്കു പോകാനായി പഴയ റോഡിനോടു ചേർന്ന് മെറ്റൽ ഇട്ടിട്ടുണ്ടെങ്കിലും കൂടുതൽ അപകടമുണ്ടാക്കുന്ന രീതിയിലാണ് മെറ്റൽ റോഡ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ ടാറിംഗ് നടത്താത്തതു മൂലം മെറ്റലുകൾ പൊങ്ങിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൂടാതെ ബാരിക്കേഡുകൾ തോന്നിയപടിയാണ് സ്ഥാപിക്കുന്നത്.
മുന്നറിയിപ്പുകളില്ലാതെ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിൽ തട്ടി ഇതിനോടകംതന്നെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾക്കു സൂചന നൽകാൻ ബാരിക്കേഡുകളുള്ള സ്ഥലങ്ങളിൽ യാതൊരുവിധ ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്താത്തത് അപകടങ്ങൾ കൂടുന്നതിന് കാരണമായിട്ടുണ്ട്.
നിലവിലെ ദേശീയപാതയുടെ ഇരുവശവും വീതി കൂട്ടാതെയുള്ള നിർമാണപ്രവർത്തനങ്ങളാണ് അപകടങ്ങൾക്ക് കാരണമായിരിക്കുന്നത് . നിർമാണ പ്രവർത്തനം ആരംഭിച്ച് ഒരു മാസം ആകുന്നതിനു മുമ്പുതന്നെ ഈ ഭാഗത്ത് വാഹനാപകടത്തിൽ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഈ ദേശീയപാതയിലൂടെ കടന്നുപോകുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും മറ്റും ദേശീയപാത വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
നിർമാണ പ്രവർത്തന മേഖലയിൽ ഉദ്യോഗസ്ഥരുടെ അസാനിധ്യവും നിർമാണ കമ്പനിയുടെ ജീവനക്കാരുടെ തോന്നിയ രീതിയിലുള്ള പ്രവർത്തനവുമാണ് ഇവിടെ അപകടങ്ങൾ വർധിക്കാൻ മുഖ്യകാരണമെന്നും നാട്ടുകാർ പറയുന്നു.
അടിയന്തരമായി തുറവൂർ മുതൽ അരൂർ വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും വീതികൂട്ടി ശക്തമായ രീതിയിൽ റോഡ് നിർമിച്ച് വാഹനങ്ങൾ സുഗമമായി കടന്നു പോകാനുള്ള സൗകര്യം ഒരുക്കുകയും രാത്രികാലങ്ങളിൽ നിർമാണമേഖലയിൽ ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ക്തമാകുന്നു.