സ്കൂളുകളിൽ ഇന്ന് ഉത്സവമേളം
1299011
Wednesday, May 31, 2023 10:52 PM IST
അമ്പലപ്പുഴ: രണ്ടു മാസത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങളിൽ ഇന്നു മുതൽ പഠനാരവം ഉയരും. എൽകെജി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂൾ മുറ്റങ്ങൾ നിശബ്ദതയെ ഭേദിച്ച് കാലൊച്ച മുഖരിതമാകും. ഒരാഴ്ച മുമ്പ് തന്നെ സ്കൂളുകളിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പരീക്ഷാഫലം വന്നപ്പോൾ തന്നെ കുട്ടികൾ കുറവുള്ള സ്കൂളുകളിലെ അധ്യാപകർ വീടുകൾ കയറിയിറങ്ങി തങ്ങളുടെ സ്കൂളുകളിലേക്ക് വിദ്യാർഥികളെ ചേർക്കണമെന്ന അഭ്യർഥനയുമായി രക്ഷിതാക്കളെ സമീപിച്ചു തുടങ്ങിയിരുന്നു.
സ്കൂൾ പ്രവേശനമായതിനാൽ ഇന്നു മുതൽ പോലിസും ജാഗ്രതയിലാണ്. ദേശിയ പാതയോരത്തുള്ള എല്ലാ സ്കൂളുകളുടെയും മുന്നിൽ സുരക്ഷയ്ക്കായി പ്രത്യേക പോലീസിനെ വിന്യസിക്കും. കുട്ടികളെ ലക്ഷ്യമിട്ടു വരുന്ന ലഹരി സംഘങ്ങളെ പിടികൂടാനും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം നീർക്കുന്നം എസ്ഡിവി യുപി സ്കൂളിൽ ഇന്നു രാവിലെ 10 ന് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. കുട്ടികൾക്കുള്ള സമ്മാ ദാനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് നിർവഹിക്കും.