ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു
1297544
Friday, May 26, 2023 11:12 PM IST
എടത്വ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചെ 2.30ന് തിരുവല്ല ഭാഗത്തുനിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷനിൽപ്പെട്ട ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിൽ ഒരു സൈഡിൽ മാത്രമായാണ് നിൽക്കുന്നത്. ഹൈവേ പോലീസ് ട്രക്കിനെ പിൻതുടർന്ന് അമ്പലപ്പുഴ ഭാഗത്ത് വച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു.
റെയിൽവെ ഗേറ്റ് നാളെ രാത്രി ഏഴുവരെ അടച്ചിടും
അമ്പലപ്പുഴ: തകഴി റെയിൽവെ ഗേറ്റ് നാളെ രാത്രി ഏഴുവരെ അടച്ചിടും. ട്രക്കിടിച്ച് റെയിൽവെ ഗേറ്റിന്റെ ഹൈ ഗേജ് തകർന്നതോടെയാണ് ഗേറ്റ് അടച്ചത്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നാളെ രാത്രി ഗേറ്റ് തുറക്കാനാകുമെന്ന് റെയിൽവെ അറിയിച്ചു.
ആലപ്പുഴ ചങ്ങനാശേരി റോഡു നിർമാണം നടക്കുന്നതിനാൽ കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും ചരക്കു ലോറികളുമടക്കം ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് അമ്പലപ്പുഴ വഴി കടന്നു പോകുന്നത്.