വിത്ത് ലഭ്യത കുറഞ്ഞു; കരകൃഷി പ്രതിസന്ധിയില്‍
1297276
Thursday, May 25, 2023 10:55 PM IST
എടത്വ: നെല്‍കൃഷിക്കൊപ്പം കരകൃഷിയിലും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കുട്ടനാട്ടില്‍ നല്ലയിനം വിത്ത് ലഭ്യത കുറഞ്ഞു. കര്‍ഷകര്‍ പ്രതിസന്ധിയില്‍. വാഴ വിത്ത്, കപ്പത്തണ്ട്, ഇഞ്ചി, ചേമ്പ്, ചേന, കാച്ചില് തുടങ്ങിയ ഇനത്തില്‍പ്പെട്ട വിത്തുകള്‍ക്കാണ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കടുത്ത ക്ഷാമം നേരിടുന്നത്.
തമിഴ്നാട്ടില്‍നിന്നുള്ള വരവ് വിത്തുകളാണ് കര്‍ഷകര്‍ ഏറെ ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വരവ് വിത്തിന്റെ ഗുണമേന്മ കുറവായതിനാല്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചിരുന്നില്ല. ഇതോടെ വയനാട് മേഖലയില്‍ നിന്ന് കര്‍ഷകര്‍ വിത്ത് ഇറക്കാന്‍ തുടങ്ങിയിരുന്നു.
25 മുതല്‍ 30 രൂപ വരെ വില കൊടുത്താണ് എത്തവാഴ വിത്ത് കര്‍ഷകര്‍ ഇറക്കുന്നത്. വയനാട്ടില്‍ നിന്നെത്തുന്ന വിത്ത് വിളവെത്തിയാലും അതില്‍ നിന്ന് പുതിയ വിത്തുകള്‍ ലഭ്യമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷിവകുപ്പ് മുഖേന ടിഷ്യുകള്‍ച്ചര്‍ ചെയ്ത വാഴവിത്തുകള്‍ വിതരണം ചെയ്യാറുണ്ട്. എന്നാല്‍ നാടന്‍ വിത്തുകള്‍ക്കാണ് കുട്ടനാട്ടില്‍ പ്രിയം. കാലാവസ്ഥ വ്യതിയാനത്തില്‍ നാടന്‍ വിത്തുകളാണ് അനുയോജ്യമെന്ന് കര്‍ഷകര്‍ പറയുന്നു. നാടന്‍ ഏത്തവാഴ ആറുമാസം കൊണ്ട് കുലയ്ക്കുകയും എട്ടു മുതല്‍ 15 കിലോഗ്രാം വരെ തൂക്കം ലഭിക്കുകയും ചെയ്യും.
അതേസമയം സ്വര്‍ണമുഖി പോലെയുള്ള ടിഷ്യു കള്‍ച്ചര്‍ ഇനങ്ങള്‍ ഒന്‍പതുമാസം എത്തണം. 25 മുതല്‍ 30 കിലോഗ്രാം വരെ തൂക്കം ലഭിക്കുമെങ്കിലും വെള്ളപ്പൊക്ക സീസണ് അതിജീവിക്കാന്‍ കഴിയാത്തതിനാലാണ് നാടന്‍ വാഴവിത്തിന് പ്രിയം ഏറിയത്.
നാടന്‍ വിത്തുകള്‍ സുലഭമായി കിട്ടിയിരുന്ന കുട്ടനാട്ടില്‍ വിളവെടുപ്പ് കാലത്ത് ഉത്പാദനത്തിന്റെ വില കുറഞ്ഞതോടെ ഒട്ടുമിക്ക കര്‍ഷകരും കൃഷി ഉപേക്ഷിച്ചു. ഇതോടെ നാടന്‍ വിത്തുകളുടെ ലഭ്യത കുറഞ്ഞിരുന്നു. കപ്പ, ഇഞ്ചി, ചേമ്പ്, ചേന, കാച്ചില് തുടങ്ങിയ വിത്തിനങ്ങള്‍ക്കും കുട്ടനാട്ടില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
നെല്‍കൃഷിക്കൊപ്പം കരകൃഷിക്ക് മുന്‍തൂക്കം നല്കുന്ന കുട്ടനാട്ടില്‍ വിളവെടുപ്പ് കാലം കുറഞ്ഞ നല്ലയിനം വിത്ത് ലഭ്യമാക്കാന്‍ കൃഷി വകുപ്പ് തയാറെടുക്കുന്നില്ലെങ്കില് കര്‍ഷകര്‍ കരകൃഷി ഉപേക്ഷിക്കാനാണ് സാധ്യത.