പ്രളയ ഒാർമകൾക്കു മീതെ മങ്കൊന്പ് ക്ഷേത്രം ഉയരുന്നു
1297272
Thursday, May 25, 2023 10:55 PM IST
മങ്കൊമ്പ്: കാലപ്പഴക്കം മൂലം താഴ്ന്നുകൊണ്ടിരുന്ന കുട്ടനാട്ടിലെ ഏറ്റവും ചരിത്ര പാരമ്പര്യം പേറുന്ന ക്ഷേത്രങ്ങളിലൊന്നായ മങ്കൊമ്പ് ഭഗവതി ക്ഷേത്രം ഉയരുന്നു. മഹാപ്രളയം സമ്മാനിച്ച നടുക്കുന്ന ഓർമകളും ക്ഷേത്രം ഉയർത്താൻ പ്രേരകമായി. താഴ്ന്നുപോയ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ജാക്കി ഉപയോഗിച്ചാണ് ഉയർത്തിയത്. 1.8 മീറ്റർ ഉയർത്തിയ ക്ഷേത്രത്തിന്റെ അടിത്തറ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന ജോലികളാണ് ഇനിയുള്ളത്. ഇതിനു മുന്നോടിയായി പൈലുകൾ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 18 പൈലുകളാണ് ഇതിനായി സ്ഥാപിക്കുന്നത്.
ഇവ ചുറ്റമ്പലത്തിന്റെ കോൺക്രീറ്റ് ചെയ്ത് അടിത്തറയുമായി ബന്ധിപ്പിക്കും. തുടർന്നു കൃഷ്ണശിലയിൽ ചുറ്റമ്പലത്തിന്റെ ചുമരുകൾ നിർമിക്കുന്ന ജോലി തുടങ്ങും. കാലപ്പഴക്കം മൂലം ഏറെക്കാലമായി ക്ഷേത്രം ജീർണാവസ്ഥയിലായിരുന്നു. 2018ലെ മഹാപ്രളയത്തോടെ ക്ഷേത്രവും പരിസരവും കൂടുതൽ താഴ്ന്നു. ഇതോടെ ചുറ്റമ്പലവും പരിസരവും വെള്ളക്കെട്ടിലാകുന്നതു പതിവായി. ക്ഷേത്രവും പുരയിടവും ഉയർത്തി പുനർ നിർമിക്കുക മാത്രമായിരുന്നു പരിഹാര മാർഗം. ഉപദേശക സമിതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിവരമറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെ ക്ഷേത്രം ഉയർത്താൻ അനുമതി കിട്ടി.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇഡിഎസ്എസ് എന്ന സ്വകാര്യ കമ്പനിക്കാണ് കരാർ. ആദ്യ ഘട്ടമായി ശ്രീകോവിലും നമസ്കാര മണ്ഡപവും ആറ് അടി ഉയർത്തി.
തുടർന്നാണ് ചുറ്റമ്പലവും ബലിക്കൽപുരയും ഉയർത്താൻ തുടങ്ങിയത്. എട്ട് ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള 400 ജാക്കികൾ ഉപയോഗിച്ചാണ് ചുറ്റമ്പലം ഉയർത്തിയത്. ഇതിനോടൊപ്പം ക്ഷേത്ര കോമ്പൗണ്ട്, സേവപ്പന്തൽ ഉപദേവതകളുടെ ക്ഷേത്രം എന്നിവ ഉയർത്തുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്.
മൂന്നരക്കോടിയോളം രൂപയാണ് നവീകരണത്തിനു ചെലവാകുക. ആയിരത്തോളം വർഷം മുൻപാണ് ഇവിടെ ക്ഷേത്രം സ്ഥാപിതമായതെന്നാണ് പറയപ്പെടുന്നത്. നിലവിലെ ക്ഷേത്രത്തിനു അഞ്ഞൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. മഹാപ്രളയത്തിനു ശേഷം കുട്ടനാട്ടിൽ വ്യാപകമായി വീടുകളും മറ്റു കെട്ടിടങ്ങളും ഉയർത്തുന്ന ജോലികൾ നടക്കുന്നുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ രംഗത്തു ജോലി ചെയ്യുന്നത്.