നോമ്പുകാല പീഡാനുഭവ പദയാത്ര നടത്തി
1283237
Saturday, April 1, 2023 10:56 PM IST
എടത്വ: ഫ്രാന്‍സിസ്കന്‍ ആത്മായ സഭ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖൃത്തില്‍ 10-ാമത് നോമ്പുകാല പീഡാനുഭവ പദയാത്ര നടന്നു. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ദേവാലയത്തില്‍നിന്ന് ആരംഭിച്ച പദയാത്ര പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. ജയിംസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുരിശിന്റെ വഴിയായി പ്രാര്‍ഥന ചൊല്ലി കേരള അസീസി ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്ന പദയാത്രയെ ഫാ. മിജോ കൈതപ്പറമ്പില് സ്വാഗതം ചെയ്തു.
സീറോ മലബാര്‍ ഏരിയ സ്പിരിച്വല്‍ അസിസ്റ്റന്‍ഡ് ഫാ. മൈക്കിള്‍ പറുശേരില് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റവ. ഫ്രാന്‍സീസ് വചനസന്ദേശം നല്കി. കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനയ്ക്ക് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മൈക്കിള്‍ പറുശേരില്, ഫാ. ഹെന്‍ട്രി കോയില്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്നു നേര്‍ച്ചഭക്ഷണ വിതരണവും നടന്നു.
അലക്സ് വലിയപറമ്പില്‍, സാബു കരിക്കംപള്ളി, ആന്റപ്പന് ആട്ടോക്കാരന്, രാജു പാലത്തിങ്കല്‍, ജോസ് വാഴപ്പറമ്പില്‍, തോമസ് കാട്ടുങ്കല്‍, ലാലി ജോസഫ് കണിച്ചേരില്‍, ഷാജി കാഞ്ഞുപ്പള്ളില്, എല്‍സമ്മ മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി. പദയാത്രയിലും തിരുക്കര്മങ്ങളിലും ചങ്ങനാശേരി അതിരൂപതയുടെ 38 ഭ്രാതൃങ്ങളില് നിന്നുമായി നൂറ് കണക്കിന് സഭാംഗങ്ങളും വിശ്വാസികളുമാണ് പങ്കുചേര്‍ന്നത്.