സംസ്ഥാനത്ത് ഏറ്റവുമധികം പദ്ധതിത്തുക ചെലവിട്ട് ആലപ്പുഴ നഗരസഭ
1283230
Saturday, April 1, 2023 10:54 PM IST
ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ സംസ്ഥാനത്തെ 87 നഗരസഭകളിൽ ഏറ്റവുമധികം പദ്ധതി തുക ചെലവിട്ട് ആലപ്പുഴ നഗരസഭ ഒന്നാമതെത്തി. 23.59 കോടി രൂപ ചെലവിട്ടാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. 20.44 കോടി രൂപ ചെലവിട്ട് കോട്ടയവും 18.70 കോടി ചിലവിട്ട് പാലക്കാടും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
ശതമാനക്കണക്കിൽ ജില്ലയിൽ കായംകുളം നഗരസഭ 11.44 കോടി ചെലവിട്ട് 99.3% പദ്ധതി പൂർത്തീകരിച്ച് ഒന്നാമതും ആലപ്പുഴ 23.59 കോടി ചെലവിട്ട് 83.89 % പദ്ധതി പൂർത്തീകരിച്ച് രണ്ടാമതും എത്തി. ചേർത്തല 8.17 കോടി ചെലവിൽ 81.62%, ചെങ്ങന്നൂർ 3.94 കോടി ചെലവിൽ 82.43%, ഹരിപ്പാട് 2.53 കോടി ചെലവിൽ 61.26 % പദ്ധതിയും പൂർത്തിയാക്കി. മാർച്ച് ആദ്യം നഗരസഭാ സെക്രട്ടറി ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയതടക്കം നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ആലപ്പുഴ നഗരസഭ ഈ നേട്ടം കൈവരിച്ചതെന്നു നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
നഗരസഭ തുക പാഴാക്കി: പ്രതിപക്ഷം
ആലപ്പുഴ: നഗരസഭയ്ക്ക് ലഭിച്ച 28.12 കോടി രൂപയിൽ 23.57 കോടിയാണ് ചെലവഴിച്ചത്. 4.55 കോടി ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റ് നഗരസഭക്കളേക്കാൾ പദ്ധതിത്തുക കൂടുതൽ ലഭിച്ചതിനാലാണ് കൂടുതൽ തുക ചെലവഴിച്ചെന്ന് പറയാൻ സാധിക്കുന്നത്. 2022 - 23 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ നഗരസഭ കേരളത്തിൽ 21-ാം സ്ഥാനത്താണ്. വ്യക്തമായ പദ്ധതികളോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് തുക ചെലവഴിച്ചിട്ടുളളത്. ആലപ്പുഴ നഗരത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 5 കോടിയോളം രൂപ പാഴായി പോയതിന് ഭരണസമിതി മറുപടി പറയണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ആവശ്യപ്പെട്ടു.