മാന്നാറിൽ പുതിയ മണ്ഡലം പ്രസിഡന്റ്; കോൺഗ്രസിൽ പൊട്ടിത്തെറി
1282939
Friday, March 31, 2023 11:13 PM IST
മാന്നാർ: മാന്നാറിൽ കോൺഗ്രസിന് മണ്ഡലം പ്രസിഡന്റ് ഇല്ലാതായിട്ട് ഒരുവർഷം പിന്നിടുന്നു. എന്നാൽ, ഇപ്പോൾ പ്രസിഡന്റിനെ താത്കാലികമായി നിയമിച്ചപ്പോൾ അത് വിവാദങ്ങൾ ഉയരുവാനും കാരണമായി.
പാർട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിച്ചും ജനസമ്പർക്കം നടത്തിയും വർഷങ്ങളായി അഹോരാത്രം കഷ്ടപ്പെടുന്നവരെ അവഗണിച്ച് മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റായി ചന്ദ്രശേഖരൻപിള്ളയ്ക്ക് താത്കാലിക നിയമനം നടത്തിയതാണ് കോൺഗ്രസ് പ്രവർത്തകരിൽ അമർഷത്തിനും വിവാദങ്ങൾ ഉയരാനും കാരണമായത്.
ഇതിനെതിരേ നേതാക്കൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രവർത്തകർ. നിലവിൽ വെസ്റ്റ് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ഹരി കുട്ടംപേരൂരിനെ പോലും അറിയിക്കാതെ അവിടെ യോഗം വിളിച്ചുകൂട്ടിയിട്ട് ഏഴുപേർ മാത്രമാണ് പങ്കെടുത്തത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ അലയടിച്ചപ്പോൾ മാന്നാറിൽ മാത്രം ദിവസങ്ങൾ കഴിഞ്ഞാണ് പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ കഴിഞ്ഞത്. പുതിയ നിയമനത്തിലൂടെ പ്രവർത്തകരിലുണ്ടായ അമർഷം ദോഷമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
വരുംദിവസങ്ങളിൽ പരസ്യമായ പൊട്ടിത്തെറിയിലേക്ക് ഇത് നീങ്ങാനും സാധ്യതയുണ്ട്.