കാ​യ​ലോ​ര മേ​ഖ​ല​ക​ൾ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പി​ടി​യി​ൽ
Friday, March 31, 2023 11:13 PM IST
മാ​രാ​രി​ക്കു​ളം: മു​ഹ​മ്മ പ​ഞ്ചാ​യ​ത്തിന്‍റെ കാ​യ​ലോ​ര മേ​ഖ​ല​ക​ൾ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പി​ടി​യി​ൽ. സ്കൂ​ൾ, കോളജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ദ്യ​ത്തിന്‍റെയും മ​യ​ക്കു​മ​രു​ന്നി​ന്‍റെയും ല​ഹ​രി​യി​ൽ നാ​ടി​നെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ ആ​ക്കു​ക​യാ​ണ്.
നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഉ​ത്പന്ന​ങ്ങ​ളു​മാ​യി പ​ര​സ്യ​മാ​യാ​ണ് സ​ഞ്ചാ​രം. ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ഒ​രു​ക്കം ന​ട​ക്കു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പാ​ണ് മ​ദ്യവി​ൽ​പ്പ​ന​ക്കാ​രു​ടെ വി​ഹാ​രകേ​ന്ദ്രം. മു​ഹ​മ്മ ബ​സ് സ്റ്റാൻഡ്, ബോ​ട്ടു​ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്. വ്യാ​ജ​മ​ദ്യനി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും വ​ർധിക്കു​ന്ന​തി​നൊ​പ്പം അ​നാ​ശാ​സ്യപ്ര​വ​ർ​ത്ത​ന​ത്തി​നും പാ​തി​രാ​മ​ണ​ൽ വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​കു​ന്നു.
നൂ​റ് ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന ദ്വീ​പി​ന്‍റെ വ​ലി​പ്പം ദി​വ​സേ​ന കു​റ​യ്ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന വ​ള്ള​ക്കാ​ർ മ​ണ്ണ് ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന​താ​യു​ള്ള പ​രാ​തി വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മി​ല്ല.