നെൽവയൽ നികത്തൽ: സർപ്രൈസ് സ്ക്വാഡ് രൂപീകരിച്ചു
1282926
Friday, March 31, 2023 11:12 PM IST
ആലപ്പുഴ: ജില്ലയിൽ അടുത്തകാലങ്ങളായി വ്യാപകമായ രീതിയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നുവെന്ന പരാതികൾ കണക്കിലെടുത്ത് സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം, മണൽഖനനം, നെൽവയൽ-തണ്ണീർത്തടങ്ങളുടെ നികത്തൽ എന്നിവ തടയുന്നതിനായി ജില്ലാതലത്തിൽ സ്ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടർ ഹരിത വി. കുമാർ ഉത്തരവായി. സ്ക്വാഡുകൾ എല്ലാദിവസവും പ്രവർത്തിക്കും.
സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണപ്രവർത്തികൾ നടത്തുന്നതും ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന്റെ മറവിൽ വ്യാപകമായ രീതിയിൽ മണൽഖനനം നടത്തുന്നതും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇവയെല്ലാം സ്ക്വാഡിന്റെ അന്വേഷണ പരിധിയിൽ വരും. സർപ്രൈസ് സ്ക്വാഡിനൊപ്പം പോലീസ് ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.