ചേര്‍ത്തല: മഴക്കാലപൂർവ ജാഗ്രത കാമ്പയിന് നഗരത്തിൽ തുടക്കമായി. കാമ്പയിന്റെ ഭാഗമായിട്ടുള്ള മുനിസിപ്പൽതല ശില്പശാലയുടെ ഉദ്ഘാടനം ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാർഡ് തലങ്ങളിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. 50 വീടുകളുടെ പ്രത്യേകം ക്ലസ്റ്ററുകളായി ഓരോ വാർഡിനെയും തിരിച്ച് പ്രത്യേകം ശുചിത്വ സ്ക്വാഡുകൾ രൂപീകരിക്കും.
അവരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. ഉറവിട മാലിന്യ ശുചീകരണ സംവിധാനങ്ങൾ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി അവ ഉറപ്പുവരുത്തുന്നതിനും പിന്തിരിഞ്ഞു നിൽക്കുന്നവർക്കെതിരേ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ടോമി അധ്യക്ഷത വഹിച്ചു. ശോഭാ ജോഷി, ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ ബാബു മുള്ളൻചിറ, ആശാ മുകേഷ്, സൽജി, ജോഷിത, സ്മിതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.