ഇലവുങ്കൽ ബസപകടം; ഏറെ പേർക്കും സാരമായ പരിക്ക്
1281898
Tuesday, March 28, 2023 11:11 PM IST
പത്തനംതിട്ട: തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസ് ഇലവുങ്കൽ - എരുമേലി പാതയിലെ നാറാണംതോട്ടിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റത് 64 പേർക്ക്. ഏറെപ്പേർക്കും സാരമായ പരിക്കാണുള്ളത്. തമിഴ്നാട് മൈലാടുതുറൈ ജില്ലയിലെ മായാരം സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.
രുതരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെ 12 പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 41 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ നിലയ്ക്കൽ സർക്കാർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരിൽ എട്ട് കുട്ടികളുമുണ്ട്. പലരുടെയും കൈകാലുകൾ ഒടിയുകയും ശരീരഭാഗങ്ങളിൽ ക്ഷതം സംഭവിക്കുകയും ചെയ്തു.
മറിഞ്ഞ ബസ് വൈകുന്നേരത്തോടെ ക്രെയിന്റെ സഹായത്തോടെ ഉയർത്തി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. പോലീസും പ്രാഥമികാന്വേഷണം നടത്തി.
ആദ്യം രക്ഷാപ്രവർത്തനത്തിന്
ഇങ്ങിയത് വയനാട് സ്വദേശികൾ
ബസിനു പിന്നിലായി യാത്ര ചെയ്ത വയനാട് സ്വദേശികളായ 26 പേരടങ്ങുന്ന സംഘമാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവരും.
ഇവരുടെ നേതൃത്വത്തിൽ ബസിന്റെ തകർന്ന മുൻ ഗ്ലാസ് മാറ്റിയതിനു ശേഷം വാഹനത്തിൽ നിന്ന് അപകടത്തിൽപെട്ടവരെ പുറത്തെത്തിച്ചു. വയനാട് സ്വദേശികൾ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പമ്പ, നിലയ്ക്കൽ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുംചേർന്ന് ബാക്കിയുള്ളവരെ കൂടി പുറത്തെത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. അരമണിക്കൂറിനുള്ളിൽ ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തു. ഇതിനിടെ ബസിനടിയിൽ ചിലർ കുടുങ്ങിയെന്ന അഭ്യൂഹം ഭീതി പരത്തി. കൂടുതൽ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്ത് എത്താൻ വൈകിയത് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും വൈകിപ്പിച്ചു.
സാരമായി പരിക്കേറ്റ നാലുപേരെ 2.30 ഓടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. തൊട്ടുപിന്നാലെ കൂടുതൽ ആംബുലൻസുകളിൽ 33 പേരെ കൂടി എത്തിച്ച് ചികിത്സ നൽകി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെ ആറുപേരെ പേരെ അപകട സ്ഥലത്ത് നിന്ന് നേരിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 66സീറ്റ് ബസിൽ 64 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ എട്ട് കുട്ടികളും മുതിർന്ന രണ്ട് സ്ത്രീകളും ബാക്കി പുരുഷൻമാരുമായിരുന്നു.
നിസാര പരിക്കേറ്റ് സ്ഥലത്തു തങ്ങിയ 15 തീർഥാടകരെ ബസിലുണ്ടായിരുന്ന സാധന സാമഗ്രികളുമായി പെരുനാട് ആശ്രമ കെട്ടിടത്തിലേക്ക്മാറ്റി.
ഡ്രൈവറുടെ നില ഗുരുതരം
പത്തനംതിട്ട: നാറാണംതോട്ടിൽ അപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസിന്റെ ഡ്രൈവർ മൈലാടുതുറൈ സ്വദേശി ബാലസുബ്രഹ്മണ്യം (32), മുതിർന്ന തീർത്ഥാടകൻ രംഗനാഥൻ (85) ഉൾപ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവർക്കും തലക്ക് സാരമായി പരിക്കുണ്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് രംഗനാഥന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവർ: സുരേഷ് (36), മകൾ തൻസിക (8), സുബസ്റ്റി (9), ചന്ദ്രശേഖരർ (45), ഉത്രപ തി (48), ബാലാജി (25), ദിവാകർ (23), ഭാസ്കർ (52), സുരേഷ് (48), സൂര്യാമ്പൂ നാഥ് (8).
പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളവർ
അനീഷ് (12), അനിരീഥ് (11), ഇൗശ്വർ(17), അഭിലേശ്വർ(12), ഹരിഹരൻ(34) സമ്പത്ത് മൂർത്തി (70), ശ്രീധരൻ (69), മുരുകവേൽ (40), ഹരിഹരൻ (41), ശങ്കർ (52), രമേഷ് കൃഷ്ണൻ (27), സുരേഷ് (55), കാർത്തിക് (52), സ്വാമിനാഥൻ (43), മണികണ്ഠൻ (44), സെന്തിൽനാഥൻ (41), ശക്തിവേൽ (44), ശെൽവം (50), അശ്വന്ത് (11), കണ്ണൻ (59), സെന്തിൽ (48), വെങ്കിടേഷ്(55), രാമകൃഷണൻ(75), ശ്രീകുമാർ (67), ശങ്കർ (43), രാജു (54), സെൽവം (48), ശിവകുമാർ (52), പളനി (56), ഭാസ്കർ (62), വെങ്കിടേശ് (55), സെന്തിൽനാഥൻ (49), സെൽവം (50), സുകുമാരൻ (67), വരദരാജൻ (80), ശേഖർ (70), വീരരാഘവൻ (57), മണികണ്ഠൻ (42), മണിവാസകം (68), മുത്തുകുമാർ (54), അമൃതലിംഗം (65), രാമലിംഗം(60).
അപകടത്തിന് കാരണം
അമിതവേഗം
അപകട വളവിലെ അമിത വേഗമാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. ബ്രേക്ക് നഷ്ടപ്പെട്ടെന്ന ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിന്റെ വാദം ഉദ്യോഗസ്ഥർ പൂർണമായി സ്വീകരിച്ചിട്ടില്ല.. റോഡിലെ തിരക്ക് ഒഴിവായ ഉച്ച സമയത്ത് കൂടുതൽ വേഗതയിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ബ്രേക്കിന് തകരാറു കണ്ടെത്തിയിട്ടില്ല. ബസിനു കാര്യമായ മറ്റു തകരാറുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2012 മോഡൽ ബസിന് പത്ത് വർഷം പഴക്കമാണുള്ളത്. നാറാണംതോടിനു സമീപം വനമേഖലയിൽ മൂന്നാം വളവിലാണ് അപകടം. കുത്തിറക്കവും കൊടുംവളവുമുള്ള പ്രദേശമാണിവിടം. നിയന്ത്രണംവിട്ട ബസ് വലതുവശത്തെ താഴ്ചയിലേക്കു മറിയുകയായിരുന്നു.
പരിക്കേറ്റവർക്ക് മെച്ചപ്പെട്ട
ചികിത്സ ഉറപ്പാക്കും: മന്ത്രിമാർ
ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് പരിക്കേറ്റവരെ സന്ദർശിച്ച മന്ത്രിമാർ പറഞ്ഞു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, വീണാ ജോർജ് എന്നിവരാണ് സന്ദർശനം നടത്തിയത്.
അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ തരത്തിലുമുള്ള ചികിത്സ ലഭ്യമാക്കുന്നതാണ് ആദ്യ പടിയായി സര്‍ക്കാര്‍ ചെയ്യുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മുന്‍കാലങ്ങളില്‍ അപകടം സംഭവിക്കാത്ത സ്ഥലത്താണ് ബസ് മറിഞ്ഞത്. അതിനാല്‍ ആ മേഖലയില്‍ ഭാവിയില്‍ അപകടം ഉണ്ടാകാതിക്കാനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് സ്വീകരിക്കുമെന്നും അപകടസ്ഥലത്തെത്തിയ മന്ത്രി പി. പ്രസാദ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു മന്ത്രി പി. പ്രസാദ്, . പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് തുടങ്ങിയവര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.