‘കോണ്‍ഗ്രസ് പ്രാവര്ത്തികമാക്കിയെടുത്തതാണ് കേരളീയ സമൂഹത്തിന്റെ നവോത്ഥാനം’
1281883
Tuesday, March 28, 2023 11:08 PM IST
ആലപ്പുഴ: ആചാരലംഘനങ്ങളിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാവര്ത്തികമാക്കിയെടുത്തതാണ് കേരളീയ സമൂഹത്തിന്റെ നവോത്ഥാനമെന്ന് അടൂര്‍പ്രകാശ് എംപി. വൈക്കം സത്യഗ്രഹ സമരം പ്രഖ്യാപിച്ചതും തുടര്‍ച്ചയായി 20 മാസം നിരന്തരം സഹനസമരം സംഘടിപ്പിച്ചതും കോണ്‍ഗ്രസ് ആണ്.
മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മന്നത്ത് പദ്മനാഭന്റെയും ദേശീയ നേതാക്കന്മാരുടെയും സാംസ്ക്കാരിക നായകരുടെയും പിന്തുണ ആര്‍ജിച്ച് കോണ്‍ഗ്രസ് വിജയിപ്പിച്ച വൈക്കം സത്യഗ്രഹ സമരത്തിലൂടെ കേരളീയ സമൂഹത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിക്കപ്പെട്ട അയിത്തോച്ചാടന ജ്വാല പദയാത്ര സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാഥാ വൈസ് ക്യാപ്റ്റന്മാരായ എ.എ. ഷുക്കൂര്‍, അഡ്വ. കെ.പി. ശ്രീകുമാര്‍, ജാഥാ കോ-ഓര്‍ഡിനേറ്റര്‍ എം.ജെ. ജോബ്, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്, കെപിസിസി നിര്‍വാഹക സമിതിയംഗം ഡി. സുഗതന്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. പി.ജെ. മാത്യു, ബാബു ജോര്‍ജ്, സുനില്‍ ജോര്‍ജ്, ടി. സുബ്രഹ്മണ്യദാസ്, മോളി ജേക്കബ്, അഡ്വ. ഗോപകുമാര്‍, സി.വി. മനോജ്കുമാര്‍, റ്റി.എ. ഹാമിദ്, സിറിയക് ജേക്കബ്, അഡ്വ. ജി. മനോജ്കുമാര്‍, പി. ഉദയകുമാര്‍, കെ.എ. സാബു, ജോഷിരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.