എള്ളുകൃഷിയിൽ നൂറുമേനി
1281640
Monday, March 27, 2023 11:56 PM IST
അമ്പലപ്പുഴ: എള്ളുകൃഷിയിൽ നൂറുമേനി വിളവുകൊയ്ത് വനിതാക്കൂട്ടം. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡിലെ 34 സെന്റ് സ്ഥലത്തെ ചൊരിമണലിലാണ് ശ്രീഭദ്ര ജെഎൽജി ഗ്രൂപ്പ് കൺവീനർ സിന്ധു വിന്റെ മേൽനോട്ടത്തിലുള്ള എള്ളുകൃഷി. വ്യക്തിഗത ആനുകൂല്യത്തിൽപ്പെടുത്തി പഞ്ചായത്ത് പദ്ധതിയിൽ 4600 രൂപ ചെലവഴിച്ചായിരുന്നു കൃഷി. ചാണകപ്പൊടിയും ശീമക്കൊന്നയുടെ ഇലയും മാത്രമായിരുന്നു വളം. നവംബറിലാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൃഷി ആരംഭിച്ചത്.
കിലോഗ്രാമിന് 300 മുതൽ 400 രൂപ വരെയാണ് വിപണിയിൽ എള്ളുവില. മികച്ച വിളവ് ലഭിച്ചതിനെതുടർന്ന് ഉത്പന്നമാക്കി വിൽപ്പന നടത്താനാണ് തീരുമാനമെന്ന് സിന്ധു പറഞ്ഞു. എച്ച്. സലാം എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അർജുൻ അനുരുദ്ധൻ, സുധർമ മനോഹരൻ എന്നിവർ പങ്കെടുത്തു.