നിവേദനം നൽകി
1281269
Sunday, March 26, 2023 10:09 PM IST
അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ട് ജംഗ്ഷനിൽ നാഷണൽ ഹൈവേയിലേക്ക് പ്രവേശന വഴിയും പെഡസ്ട്രൽ സബ് വേയും വേണമെന്ന പുന്നപ്ര പൗരസമിതിയുടെ ആവശ്യത്തിൽ എ.എം. ആരിഫ് എംപി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. നാഷണൽ ഹൈവേയുടെ പടിഞ്ഞാറുഭാഗത്ത് നിന്നും നിരവധി കുട്ടികളാണ് ഹൈവേയുടെ കിഴക്ക് ഭാഗത്തുള്ള പുന്നപ്ര യുപി സ്കൂളിൽ പഠിക്കുന്നത്.
കൂടാതെ ദിവസവും നാട്ടുകാർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന 110 കെവി സബ്സ്റ്റേഷൻ, പുന്നപ്ര ആയുർവേദ ആശുപത്രി, പിഎച്ച് സെന്റർ, ഫിഷ് ലാൻഡിംഗ് സെന്റർ, മിൽമ, പോലീസ് സ്റ്റേഷൻ എന്നിവ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തും പുന്നപ്ര ജെബി സ്കൂൾ, എൻഎസ്എസ് യുപി സ്കൂൾ, പമ്പ് ഹൗസ്, പുന്നപ്ര കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ കിഴക്ക് വശത്തും പ്രവർത്തിക്കുന്നു.
ആയതിനാൽ വളരെ പ്രാധാന്യമുള്ള കളിത്തട്ട് ജംഗ്ഷനിൽ ഹൈവേയിലേക്ക് പ്രവേശനവഴിയും പെഡസ്ട്രൽ സബ് വേയും അനിവാര്യമാണ്. പൗരസമിതി ചെയർമാൻ നസീർ സലാം, ജനറൽ കൺവീനർ തയ്യിൽ ഹബീബ് എന്നിവർ നൽകിയ നിവേദനത്തിൽ പ്രവേശന വഴിയുടെ പ്രാധാന്യം എംപിയെ ബോധ്യപ്പെടുത്തി. ആവശ്യത്തിന്മേൽ അടിയന്തരമായി ഇടപെടുമെന്ന് എംപി ഉറപ്പു നൽകി.