വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം: മന്ത്രി ശിവൻകുട്ടി
1280890
Saturday, March 25, 2023 11:02 PM IST
ആലപ്പുഴ: സംസ്ഥാന സര്ക്കാര്- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്ക്ക് അടിത്തറ പാകുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോസിസ്റ്റമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആലപ്പുഴ പൊള്ളേത്തൈ, ഗവ.ഹൈസ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്രശിക്ഷ കേരളമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്വകലാശാലയുമായി ചേര്ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ക്ലാസ് റൂം പഠന പ്രവര്ത്തനങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്തി അക്കാദമിക രംഗം കൂടുതല് താല്പര്യജനകവും ആഴമേറിയതുമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ- പൊതുവിദ്യാഭ്യാസ മേഖലകള് ചേര്ന്ന് സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതി സഹായകമാകട്ടെയെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച പി.പി. ചിത്തരഞ്ജൻ എംഎൽഎ ആശംസിച്ചു.
എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലയിലെ 11 ബിആര്സികളിലും പരീക്ഷണ ഗവേഷണ സംവിധാനമൊരുക്കി സ്ട്രീം ഇക്കോസിസ്റ്റം ഹബ്ബുകള് കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്ത്തിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, കുസാറ്റ് പ്രോ. വൈസ് ചാൻസിലർ പ്രഫ. ഡോ.പി. ജി. ശങ്കരൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.