കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീപടർന്നു; നാട്ടുകാർ ഭീതിയിലായി
1280878
Saturday, March 25, 2023 10:49 PM IST
മങ്കൊമ്പ് : കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിലെ കച്ചിക്കു തീയിട്ടത് വലിയ തോതിൽ പടർന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാമങ്കരി കൃഷിഭവൻ പരിധിയിൽ വരുന്ന ഗരുഡാഗിരി കോതരിക്കാട് പാടശേഖരത്തിലാണ് തീ പടർന്ന് ആശങ്കയ്ക്കിടയാക്കിയത്.
ഇന്നലെ ഉച്ചയോടെയാണ് പാടശേഖരത്തിലെ കർഷകരിലൊരാൾ വിളവെടുപ്പു കഴിഞ്ഞ തന്റെ പാടശേഖരത്തിലെ കച്ചി കത്തിച്ചുകളയാൻ ശ്രമിച്ചത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ തീ വലിയ തോതിൽ പടർന്നു. ഇതോടെ ഗരുഡാകരി ചിറയിലുള്ള വീടുകളിൽ പുകനിറഞ്ഞു. പുക ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആളുകൾ വീടുകളിൽ നിന്നു പുറത്തേക്ക് ഓടിയിറങ്ങി. തുടർന്ന് മുട്ടാർ പഞ്ചായത്തംഗങ്ങളും സെക്രട്ടറിയും ചേർന്ന് വിവരമറിയിച്ചതനുസരിച്ചു ചങ്ങനാശേരിയിൽ നിന്നു ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനുശേഷം തീയണച്ചതോടെയാണ് നാട്ടുകാരുടെ ആശങ്കയകന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ്, അംഗങ്ങളായ ലതീഷ് കുമാർ, പി.ടി. വിനോദ് കുമാർ, സെക്രട്ടറി ബിനുഗോപാൽ പാടശേഖര സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.