ബുധനൂർ മഠത്തിൽക്കടവ് പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
1280548
Friday, March 24, 2023 10:46 PM IST
മാന്നാർ: ബുധനൂർ മഠത്തിൽക്കടവ് പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പാലത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. ഇനി അപ്രോച്ച് റോഡിന്റെ നിർമാണം മാത്രമാണ് പൂർത്തിയാകാനുള്ളത്.
ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകള ബന്ധിപ്പിച്ചു കുട്ടംപേരൂരാറിനു കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. മഠത്തിൽക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി സജി ചെറിയാൻ ഇവിടം സന്ദർശിച്ചു. 11.80 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുകയാണ്.
26 മീറ്റർ നീളമുള്ള മൂന്നു സ്പാനുകളാണ് പാലത്തിനുള്ളത്. 79.6 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. വാഹന ഗതാഗതത്തിനായി 7.5 മീറ്റർ കാര്യേജ് വേയും ഒരു വശത്ത് നടപ്പാതയും ഉൾപ്പടെ 9.70 മീറ്റർ ആണ് പാലത്തിന്റെ വീതി. 1.20 കിലോമീറ്റർ റോഡ് വീതി കൂട്ടി ഉന്നതനിലവാരത്തിൽ നിർമിക്കും. രണ്ടു മാസത്തിനുള്ളിൽ ഉദ്ഘാടനം നടത്തുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.