സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
1280276
Thursday, March 23, 2023 10:59 PM IST
അമ്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന ഡബ്ലിയു ആൻഡ് സി ആശുപത്രിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കി. നാഷണൽ ഹെൽത്ത് മിഷൻ ഒരു കോടി രൂപയാണ് അനുവദിച്ചത്. 1.8 കോടി രൂപ ചെലവു വരുന്ന പ്ലാന്റിന് അധികമായി വേണ്ടി വരുന്ന 80 ലക്ഷം രൂപ ശുചിത്വമിഷൻ അനുവദിച്ചെങ്കിലും ചില സാങ്കേതിക പ്രശ്നം മൂലം തടസങ്ങൾ ഉണ്ടായി. അധികമായി വരുന്നതുക ശുചിത്വ മിഷനിൽനിന്ന് അനുവദിക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നു. എന്നാൽ, മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമാണ് ശുചിത്വ മിഷന് നേരിട്ട് പണം അനുവദിക്കാൻ കഴിയുകയുള്ളൂ.
ആശുപത്രി മാലിന്യം ഒഴികെയുള്ള മനുഷ്യവിസർജ്യവും മലിനജലവും ട്രീറ്റ് ചെയ്ത് പ്രകൃതിക്ക് ഹാനീകരമാകാത്ത വിധത്തിൽ സംസ്കരിക്കാനാകും. ഇതോടെ നിത്യേന 500 ഓളം ഒപിയും 500 മുതൽ 600 വരെ കിടത്തി ചികിത്സയുമുള്ള ആശുപത്രിയിൽ വിസർജ്യ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് എച്ച്. സലാം എംഎൽഎ പറഞ്ഞു.