വികാരനിർഭരമീ യാത്രപറയൽ
1279988
Wednesday, March 22, 2023 10:55 PM IST
രാജു കുടിലിൽ
ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ നിശബ്ദമായി സിംഹാസന ദേവാലയത്തോടു യാത്ര ചോദിച്ചതു വികാരനിർഭരമായ കാഴ്ചയായി. സംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗത്തായിരുന്നു ഈ ശുശ്രൂഷ. ബലിപീഠത്തിലും ദേവാലയത്തിന്റെ ഇരുവശങ്ങളിലുമുളള വാതിലുകളിലും ആനവാതിലിലും മൃതദേഹത്തിന്റെ തലഭാഗം മുട്ടിച്ചായിരുന്നു പ്രതീകാത്മക യാത്ര ചോദിക്കൽ.
ബലിപീഠത്തിൽ മൃതദേഹം മുട്ടിച്ചപ്പോൾ വിട വാങ്ങുന്നേൻ പരിപാവനമാം ബലിവേദികയേ, വിട വാങ്ങുന്നേൻ എന്നു ഗായക സംഘം പാടി. വലതു വശത്തെയും ഇടതു വശത്തെയും വാതിലുകൾക്കു സമീപമെത്തി യാത്ര പറഞ്ഞശേഷം ആനവാതിൽക്കൽ എത്തിയപ്പോൾ “ഇനിയെൻ പ്രിയരേ പോകുന്നു ഞാൻ, അന്തിമയാത്രാ വന്ദനമോടേ, ദേവാലയമേ പോകുന്നു ഞാൻ, കർമങ്ങൾക്കായ് വരികില്ലിനിമേൽ’’ എന്ന ഗാനം ദേവാലയത്തിൽ നിറഞ്ഞു.
മെത്രാന്മാരും വൈദികരുമടക്കം കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്ത ആയിരങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്പതോളം മെത്രാന്മാരാലും നാനൂറോളം വൈദികരാലും അനുഗതനായി വലിയ പിതാവ് കാൽ നൂറ്റാണ്ടോളം തന്റെ സിംഹാസന ദേവാലയമായിരുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ പടിയിറങ്ങി.