അപകടക്കെണിയായ കുഴിമൂടല്‍ അമ്പലപ്പുഴ-തിരുവല്ല പാതയില്‍
1279981
Wednesday, March 22, 2023 10:52 PM IST
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ അപകടക്കെണിയായി കുഴിമൂടല്‍. സംസ്ഥാനപാതയില്‍ വിവിധ സ്ഥലങ്ങളിലെ കുഴിമൂടലാണ് യാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കിയിരിക്കുന്നത്.
റോഡില്‍ തകര്‍ന്ന ഭാഗങ്ങളിലും കുടിവെള്ളത്തിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങളിലും മുക്കാല്‍ ഇഞ്ച് ഘനമുള്ള മെറ്റല്‍ നിരത്തിയെങ്കിലും കുഴി മൂടിയ സ്ഥലത്ത് ടാറിംഗ് നടത്താന്‍ അധികൃതര്‍ തയാറാവാത്തതാണ് അപകടത്തിനു കാരണമായിരിക്കുന്നത്. മെറ്റല്‍ റോഡിലേക്ക് നിരന്നതോടെ ഈ ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്. മെറ്റലില്‍ കയറുന്ന ഇരുചക വാഹനങ്ങളും ഓട്ടോ റിക്ഷയും നിയന്ത്രണം വിട്ടാണ് അപകടമുണ്ടാകുന്നത്.
കോഴിമുക്ക് പമ്പ് ഹൗസില്‍ നിന്നുള്ള വിതരണ ലൈന്‍ റോഡിന്റെ തെക്ക് വശത്തായി പൊട്ടിയ സ്ഥലം നന്നാക്കിയെങ്കിലും റോഡ് വെട്ടിപൊളിച്ച ഭാഗത്ത് റോഡ് നന്നാക്കാനായി ഇട്ട മെറ്റലില്‍ വാഹനങ്ങള്‍ കയറി തെന്നി ഇന്നലെ നിരവധി അപകടങ്ങളാണ് സംഭവിച്ചത്.
തകഴി പാലത്തിനു കിഴക്ക് വശത്ത് കാണിക്ക മണ്ഡപത്തിന് മുന്‍പിലും ഗുരുമന്ദിരത്തിന് മുന്നിലും ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് പൊട്ടിയ ഭാഗത്ത് റോഡ് വെട്ടിപൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇവിടെയും മെറ്റല്‍ നിരത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴി മൂടിയിട്ടില്ല. റോഡ് പണിയെതുടര്‍ന്ന് ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനമായതിനാല്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തിരക്കേറിയ നിലയിലാണ്. റോഡിലെ അപകടക്കെണി ഒഴിവാക്കാന്‍ അടിയന്തരമായി ടാറിംഗ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.