നഗരവികസനം സ്തംഭനാവസ്ഥയിൽ എത്തിക്കുന്ന ബജറ്റ്: പ്രതിപക്ഷം
1279701
Tuesday, March 21, 2023 10:51 PM IST
ആലപ്പുഴ: നഗരസഭ 2023 - 24 വർഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് സാമ്പത്തികഭദ്രത ഉറപ്പ് വരുത്താത്തതും ദീർഘവീക്ഷണമില്ലാത്തതുമാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ചെയർമാൻ റീഗോ രാജു പറഞ്ഞു.
നഗരവികസനം സ്തംഭിപ്പിക്കുന്ന നിർദേശങ്ങളാണ് ബജറ്റിൽ അധികവും. വാർഡിലെ റോഡ്, കാന നിർമാണത്തിനും മെയിന്റനൻസിനും യാതൊരു തുകയും വകയിരുത്താതെ ടൗൺ ഹാൾ നിർമാണത്തിന് 20 കോടി നീക്കിവയ്ക്കുന്നത് വിരോധാഭാസമാണ്. 12 കോടി മുടക്കി നിർമാണം പൂർത്തീകരിച്ച ശതാബ്ദി മന്ദിരത്തിലേക്കു പ്രവർത്തനം മാറ്റാൻ സാധിക്കാത്തവരാണ് പുതിയ ടൗൺ ഹാൾ എന്ന പ്രഖ്യാപനം നടത്തുന്നത്.
സർവോദയപുരത്ത് ബയോ മൈനിംഗ്, സ്റ്റേഡിയം നിർമാണം പൂർത്തീകരണം, ഫിനിഷിംഗ് പോയിന്റിൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങി മുൻകാല ബജറ്റുകളിലെ യാതൊരു നിർദേശവും നടപ്പിലാക്കാൻ ഭരണ സമിതിക്ക് സാധിച്ചിട്ടില്ല. കോടികൾ മുടക്കി നിർമിച്ച സർവോദയപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റും ആധുനിക അറവുശാലയും നശിക്കുന്നു.
വയോജനങ്ങൾക്ക് മരുന്ന് നൽകിവരുന്ന വയോമിത്രം പദ്ധതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞെത്തുന്നവർക്ക് മരുന്ന് നൽകാത്ത സ്ഥിതി ദയനീയമാണ്. മത്സ്യത്തൊഴിലാളികൾക്ക് വല, വിദ്യാർഥികൾക്ക് ലാപ് ടോപ്പ് തുടങ്ങിയ പദ്ധതികൾ മുടങ്ങിക്കിടക്കുന്നു. നഗരസഭയുടെ കീഴിൽ വരുന്ന നഗരവാസികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ജനറൽ ആശുപത്രിയുടെ വികസനത്തിന് യാതൊരു നീക്കിവയ്പും ബജറ്റിലില്ല.
കേവല പ്രഖ്യാപനങ്ങളും ആവർത്തന വിരസതയും മാത്രമാണ് ബജറ്റിലുള്ളത്. കൃത്യമായ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദേശങ്ങളോ ആസൂത്രണമോ ഇല്ലാത്ത ഭാവനാശൂന്യമായ ബജറ്റിന്മേൽ ചർച്ചകൾക്കോ നിർദേശങ്ങൾക്കോ യാതൊരു പ്രസക്തിയും ഇല്ലാത്തതിനാൽ പ്രതിപക്ഷാംഗങ്ങൾ ബജറ്റിൽ അവിശ്വാസം രേഖപ്പെടുത്തി കൗൺസിൽ ബഹിഷ്കരിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, സജേഷ് ചാക്കുപറമ്പിൽ, പി.എസ്. ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി. ശ്രീലേഖ, സുമം സ്കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസിമോൾ ബെനഡിക്ട്, എലിസബത്ത് പി. ജി. തുടങ്ങിയവർ തുടർന്ന് നഗരസഭാപടിക്കൽ ധർണയും നടത്തി.