സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
1279115
Sunday, March 19, 2023 10:30 PM IST
ചേര്‍ത്തല: ശാവശേരി വികസനസമിതിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുളത്രക്കാട് സരോജിനിയമ്മ ഫൗണ്ടേഷന് സാംസ്കാരിക കേന്ദ്രത്തിന്റെയും ഗ്രന്ഥശാലയുടെയും മുണ്ടുചിറ കെ. ഗോപിനാഥ് മെമ്മോറിയല്‍ വായനശാലയുടെയും ഉദ്ഘാടനം പ്രഫ. എം.കെ. സാനു നിർവഹിച്ചു. നഗരസഭ ഒമ്പതാം വാര്‍ഡില്‍ കുളത്രക്കാട് പി.എസ്. മോഹനന് വികസനസമിതിക്കു സൗജന്യമായി നല്കിയ മൂന്നര സെന്റിലാണ് ഗ്രന്ഥശാലയും സാംസ്കാരിക കേന്ദ്രവും നിര്‍മിച്ചിരിക്കുന്നത്.
സാധാരണ വായനശാലയില്നിന്നുമാറി സൗജന്യ പിഎസ്സി പഠനം, വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ട്യൂഷന്, കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ഇവിടെ നടത്തും. പരിപാടിയുടെ ഭാഗമായി നടന്ന എല്‍ഇഡി ബള്‍ബ് വിതരണവും കയര്‍തൊഴിലാളികളെ ആദരിക്കലും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിര്‍വഹിച്ചു.
ചേർത്തല താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ശ്രീജ സുദർശനൻ, യുവ സാഹിത്യകാരി ശ്രീകല സുഖാദിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പി.എസ്. മോഹനന്, വി.റജി, പി. പ്രകാശന്, നഗരസഭാ കൗസിലർമാരായ ആശാ മുകേഷ്, ബി. ഫൈസൽ, മുതുകുളം സോമനാഥ്, സുദർശനൻ, സാലി വിനോദ് എന്നിവർ പ്രസംഗിച്ചു.