കുട്ടനാട്ടില്‍ സര്‍വീസ് ബോട്ട് ഒളിച്ചോടുന്നു!
1265163
Sunday, February 5, 2023 10:45 PM IST
എടത്വ: കുട്ടനാട്ടില്‍ സര്‍വീസ് ബോട്ട് നിലയ്ക്കുന്നു. ഇതോടെ കടുത്ത യാത്രാക്ലേശത്തിലായ യാത്രക്കാര്‍ കളക്ടർക്കു നിവേദനം നല്കി. ജലഗതാഗത വകുപ്പിന്റെ ചമ്പക്കുളം-എടത്വ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളാണ് അപ്രതീക്ഷിതമായി നിലയ്ക്കുന്നത്. എടത്വ ഡിപ്പോയില്‍ രണ്ട് ബോട്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു ബോട്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ ബോട്ടും ചില ദിവസങ്ങളില്‍ പണിമുടക്കാറുണ്ട്.
ജീവനക്കാരോട് അന്വേഷിച്ചാല്‍ അറ്റകുറ്റപ്പണിക്ക് ആലപ്പുഴ യാഡില്‍ കൊണ്ടുപോയിരിക്കുകയാണെന്നു മറുപടി നല്‍കും. സര്‍വീസ് നിലയ്ക്കുന്ന ദിവസങ്ങളില്‍ പകരം ബോട്ടുകള്‍ ഉപയോഗിച്ചു സര്‍വീസ് നടത്താനും അധിക്യതര്‍ തയാറാകുന്നില്ല. കാര്യം അന്വേഷിച്ചു യാത്രക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഫോണ്‍ എടുക്കാന്‍ പോലും ഡിപ്പോയിലെ ജീവനക്കാര്‍ തയാറാകുന്നില്ലെന്ന് യാത്രക്കാര്‍ കളക്ടറെ അറിയിച്ചു.
നിരവധി യാത്രക്കാർ
ചമ്പക്കുളം ഭാഗങ്ങളില്‍നിന്ന് എടത്വ കോളജ്, സ്കൂള്‍, ഐടിഐ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികൾ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ഉദ്ദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കര്‍ഷകരും കര്‍ഷക തൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റ് യാത്രക്കാർ എന്നിവർ ഏറെ ആശ്രയിക്കുന്ന ബോട്ട് സര്‍വീസാണ് മുന്നറിയിപ്പില്ലാതെ നിലയ്ക്കുന്നത്. അപ്രതീക്ഷിതമായി സര്‍വീസ് മുടങ്ങുന്നതോടെ ബദല്‍ മാര്‍ഗം കണ്ടെത്താന്‍ പോലും യാത്രക്കാര്‍ക്കു കഴിയാറില്ല. എസി റോഡ് നവീകരണം നടക്കുന്നതിനാൽ സര്‍വീസ് നിലയ്ക്കുന്ന ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ആശ്രയിച്ചു വേണം യാത്രചെയ്യാന്‍.
പഠനം മുടങ്ങുന്നു
എടത്വയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സര്‍വീസ് മുടങ്ങുന്ന ദിവസങ്ങളില്‍ പഠനവും മുടങ്ങുകയാണ് പതിവ്. വര്‍ഷാന്ത്യ പരീക്ഷയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ വിദ്യാര്‍ഥികളുടെ ദുരിതം കടുക്കാനാണ് സാധ്യത. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലുള്ള പാടശേഖരങ്ങളില്‍ ഒട്ടുമിക്ക കര്‍ഷകരും കര്‍ഷക തൊഴിലാളികളും ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. പുഞ്ചക്യഷി വിളവെടുപ്പിനു രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ പാടങ്ങളില്‍ എത്താന്‍ കര്‍ഷകര്‍ക്കോ സമയത്തു പണിക്കിറങ്ങാന്‍ തൊഴിലാളികള്‍ക്കോ കഴിയാറില്ല. ബോട്ട് നിലയ്ക്കുന്ന ദിവസങ്ങളില്‍ കര്‍ഷകര്‍ വള്ളങ്ങളിലാണ് തൊഴിലാളികളെ പാടത്ത് എത്തിക്കുന്നത്.
തടി ബോട്ട് മതി
നിലവിലുള്ള തടി ബോട്ട് മാറ്റി ഇരുമ്പ് ബോട്ട് സര്‍വ്വീസ് നടത്തുന്നതിതിരേയും വ്യാപക പരാതിയുണ്ട്. ഇരുമ്പ് ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടാണ് എന്നതാണ് യാത്രക്കാരുടെ പരാതി. ഇരുമ്പ് ബോട്ട് മാറ്റി തടിബോട്ട് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. കുട്ടനാട്ടിലെ യാത്രദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ചമ്പക്കുളം- എടത്വാ റൂട്ടിലെ യാത്രക്കാര്‍ ഒപ്പ് ശേഖരണം നടത്തി ജില്ല കളക്ടർക്കും ജലഗതാഗത വകുപ്പ് ഡയറക്ടർക്കും നിവേദനം നല്കി.