ബസിൽനിന്നു സ്വർണമാല കളഞ്ഞുകിട്ടി
1264276
Thursday, February 2, 2023 10:34 PM IST
മങ്കൊമ്പ്: ബസിനുള്ളിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണമാല പോലീസിൽ ഏൽപ്പിച്ച സ്ത്രീ മാതൃകയായി. കാവാലം അട്ടിയിൽ മോളിയാണ് കെഎസ്ആർടിസി ബസിൽനിന്നും ലഭിച്ച മാല പോലീസിൽ ഏൽപ്പിച്ചത്. തിങ്കളാഴ്ച 12.45 ഓടെ ചങ്ങനാശേരിയിൽനിന്നും കാവാലത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് മാല കളഞ്ഞുകിട്ടിയത്. മുക്കുപണ്ടമാണോ എന്ന സംശയത്തിലായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മാല സ്വർണം കൊണ്ടുള്ളതാണെന്നു ബോധ്യമായി. കാവാലത്തുനിന്നുള്ള ആരുടെയെങ്കിലുമാകാമെന്നു കരുതി പ്രദേശവാസികളോടെല്ലാം വിവരം ധരിപ്പിച്ചു. നവമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലൂടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലും വിവരമറിയിച്ചു.
യഥാർഥ ഉടമയ്്ക്കു തന്നെ ആഭരണം തിരികെ ലഭിക്കണമെന്ന നിർബന്ധം മൂലം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരുടെ ഉപദേശങ്ങളെത്തുടർന്ന് ആഭരണം കഴിഞ്ഞ ദിവസം കൈനടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.