സത്യം, സ്നേഹം, സാഹോദര്യം തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസം: ഡോ. ജോർജ് ഓണക്കൂർ
1263929
Wednesday, February 1, 2023 10:13 PM IST
കായംകുളം: എല്ലാവരും ഒന്നാണെന്ന ചിന്തയ്ക്കൊപ്പം സത്യം, സ്നേഹം, സാഹോദര്യം എന്നിവ തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസമെന്ന് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷങ്ങളോടു ബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിൽ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി കൈവരിക്കാൻ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനി നടത്തിയ സാമൂഹ്യനന്മയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ വിസ്മരിക്കാൻ കഴിയില്ലന്നു ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.
മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ നവതി സപ്ലിമെന്റ് ഡോ. ജോർജ് ഓണക്കൂറിന് നൽകി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രകാശനം ചെയ്തു. വിവിധ പ്രതിഭകളെ ആദരിച്ചു. പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകി. സർവീസിൽ നിന്നു വിരമിക്കുന്ന ബിജു ടി. വർഗീസ്, വൈ.സാലി മോൾ, സുശീല സഖറിയ, ജോസഫ്.കെ എന്നിവർക്ക് ഉപഹാരം നൽകി.