ലക്ഷ്മി ഇനി അവരുടെ ചങ്കും ചാരുതയും
1263035
Sunday, January 29, 2023 9:43 PM IST
മാന്നാർ: പത്രക്കടലാസിൽ വിസ്മയങ്ങൾ വിരിയിക്കുന്ന ലക്ഷ്മി ഇനി ഇക്കാര്യങ്ങൾ ഓട്ടിസം കുട്ടികളെ പഠിപ്പിക്കും. വായിച്ചു കഴിഞ്ഞ പത്രക്കടലാസുകളിൽ വിരിയുന്ന ലക്ഷ്മിയുടെ കരവിരുതിന്റെ കഥ കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ചെറിയനാട് മാത്യുണ്ണി മാത്യു ട്രെയിനിംഗ് സെന്റർ ഡയറക്ടർ രാജൻ കൈപ്പള്ളിൽ നേരിട്ട് മാന്നാറിലെ ഇവരുടെ കടയിൽ എത്തി ലക്ഷ്മിയെ ഈ സ്ഥാപനത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു. പതിനഞ്ചോളം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന സ്ഥാപനത്തിലേക്കാണ് ലക്ഷ്മി എത്തുന്നത്. തനിക്കു ദൈവം നൽകിയ കഴിവ് കുട്ടികൾക്കു പകർന്നതുനന്മയായി കണ്ട് ഈ വീട്ടമ്മ ക്ഷണം സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസംതന്നെ ചെറിയനാട്ട് എത്തി കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങി. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ്, പുൽക്കൂട്, ഗിഫ്റ്റ് ബോക്സ്, പാവകൾ തുടങ്ങി മനോഹരങ്ങളായ നിരവധി നിർമിതികളാണ് മാന്നാർ കുരട്ടിക്കാട് ശ്രീധർമ ശാസ്താക്ഷേത്രത്തിനു സമീപം കുമാർ വിലാസത്തിൽ ലക്ഷ്മി കുമാർ എന്ന യുവതിയുടെ കരവിരുതിൽ വിരിയുന്നത്.
കഴിഞ്ഞ ലോക്ഡോൺ കാലത്തു വീട്ടിൽ വെറുതെയിരുന്നു മുഷിഞ്ഞപ്പോൾ ഈർക്കിലുകൾകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചാണ് തുടക്കം. അതു പിന്നീട് പത്രക്കടലാസുകൾക്കു വഴിമാറി. മാന്നാർ മാർക്കറ്റ് ജംഗ്ഷനു സമീപം ഭർത്താവ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ജെ.കെ ഫാൻസി സ്റ്റോറിൽ ഇതിനു ആവശ്യക്കാർ ഏറെയാണ്. സ്വന്തം വീടിന്റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി, മണവാട്ടികളുടെ കല്യാണ സ്വപ്നങ്ങൾക്കു മൊഞ്ചുള്ള മൈലാഞ്ചി വരകൾ അണിയിക്കുന്ന ഡിസൈനർ കൂടിയാണ്.