വിശ്രമകേന്ദ്രം തകർന്നു വീണു; ദുരിതമായി കെട്ടിടാവശിഷ്ടങ്ങൾ
1246602
Wednesday, December 7, 2022 10:04 PM IST
പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ തിരക്കുള്ളതും പ്രധാനവുമായ പള്ളിച്ചന്തയിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നിട്ടു മാസങ്ങൾ. തകർന്നു കിടക്കുന്ന കെട്ടിട അവശിഷ്ടങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായിരിക്കുകയാണ്. ചേർത്തല- അരൂക്കുറ്റി റൂട്ടിൽ പള്ളിപ്പുറം പള്ളിയുടെ മുൻവശമുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥയാണിത്. മാസങ്ങൾക്ക് മുമ്പു ബസ് ഇടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്.
വാഹനം ഇടിക്കുമ്പോൾ കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കു സാരമായി പരിക്കേറ്റിരുന്നു. കൂടാതെ സമീപത്തെ പെട്ടിക്കട ഇടിയുടെ ആഘാതത്തിൽ തകർന്നിരുന്നു. കാലിനു സ്വാധീനക്കുറവുള്ള ലോട്ടറി വില്‍പ്പനക്കാരന്റെ മുച്ചക്ര വാഹനത്തിനും തകരാർ സംഭവിച്ചിരുന്നു. മാസങ്ങളായി തകർന്നു കിടന്നിട്ടും വിശ്രമകേന്ദ്രം പുനർനിർമിക്കാനോ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ അപകടം പറ്റിയവർക്ക് സഹായമെത്തിക്കാനോ പഞ്ചായത്ത് അധികൃതർക്കു കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.