ജില്ലാതല കേരളോത്സവത്തിന് ഇന്നു തിരിതെളിയും
1246594
Wednesday, December 7, 2022 10:01 PM IST
ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന് ഇന്നു തിരിതെളിയും. 11 വരെ ആര്യാട് ബ്ലോക്ക് പരിധിയിലെ 12 വേദികളിലായാണ് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ജില്ലാ കേരളോത്സവം നടത്തുന്നത്. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറു നഗരസഭകള്‍ എന്നിവിടങ്ങളില്‍നിന്നു മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ കേരളോത്സത്തില്‍ എത്തുക.
ഇന്നു രാവിലെ ഒമ്പതിന് ബര്‍ണാഡ് ജംഗ്ഷനു കിഴക്ക് വശമുള്ള എല്എസ്എച്ച് ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ അധ്യക്ഷനാകും. ബിപിന്‍ സി. ബാബു, ടി.എസ്. താഹ, വി.ജി. വിഷ്ണു എന്നിവര്‍ മുഖ്യാതിഥികളാകും. കെ.ഡി. മഹീന്ദ്രന്, ആര്. റിയാസ്, തിലകമ്മ വാസുദേവന്‍, പി.ജി. സുനില്‍കുമാര്‍ തുടങ്ങിയവർ പങ്കെടുക്കും.
ഡിസംബര്‍ 10ന് വൈകിട്ട് മൂന്നിന് സാംസ്കാരിക ഘോഷയോത്ര സംഘടിപ്പിക്കും. തുടര്‍ന്ന് കലവൂര്‍ ഗവണ്മെന്റ് എച്ച്. എസ്എസില്‍ കൃഷിമന്ത്രി പി. പ്രസാദ് ജില്ലാ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സജി ചെറിയാന്, എച്ച്. സലാം, യു. പ്രതിഭ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. ദീപു കേരളോത്സവ സന്ദേശം നല്‍കും. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ രാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് നാലിന് കലവൂര്‍ ഗവണ്മെന്റ് എച്ച്എസ്എസില്‍ സമാപന സമ്മേളനം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും.
പി.പി. ചിത്തരഞ്ജന് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കും. എംഎല്‍എമാരായ രമേശ് ചെന്നിത്തല, എം.എസ്. അരുണ്‍ കുമാര്‍, ദലീമ ജോജോ, തോമസ് കെ. തോമസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ടി.ടി. ജിമോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഷേര്‍ലി ഭാര്ഗവന് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.