ബണ്ട് അടയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ. തോമസ് എംഎല്‍എ
1246333
Tuesday, December 6, 2022 10:40 PM IST
എടത്വ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടിയന്തരമായി അടയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തുനല്‍കിയതായി തോമസ് കെ. തോമസ് എംഎല്‍എ. മടവീഴ്ച സംഭവിച്ച കൈനകരിയിലെ ഇരുമ്പനം ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്നു താത്കാലിക ബണ്ട് നിര്‍മിക്കുന്നതിനാവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും എംഎല്‍എ അറിയിച്ചു.
താത്കാലിക ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കൂടുതല്‍ പമ്പ് സെറ്റുകള്‍ ലഭ്യമാക്കാന്‍ കളക്ടര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. വീടുകളിലെയും റോഡുകളിലെയും വെള്ളമിറങ്ങി പൊതുജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ അഭ്യര്‍ഥിച്ച് റവന്യു-കൃഷി-ജലവിഭവ വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയതായും അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉടന്‍ ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. കുട്ടനാട്ടിലെ 66പാടശേഖരങ്ങളിലായി 91.20 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതില്‍ 18 പ്രവൃത്തികള്‍ പൂര്‍ത്തിയായി. ബാക്കി പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കൃഷി നാശം തടയാന്‍ പുറം ബണ്ട് നിര്‍മിക്കുന്ന പ്രവൃത്തികളാണ് ഇവയെല്ലാം.