രോഗങ്ങളെ സൂക്ഷിക്കാം
1246325
Tuesday, December 6, 2022 10:40 PM IST
ആലപ്പുഴ: മഞ്ഞുകാലം തുടങ്ങവേ രോഗങ്ങളെക്കുറിച്ചു ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ പനിയുമായി എത്തുന്നവരുടെ എണ്ണം സാധാരണയിൽ കവിഞ്ഞിട്ടില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ദീപികയോടു പറഞ്ഞു.
എങ്കിലും സീസണൽ രോഗങ്ങളും ജീവിത ശൈലി രോഗങ്ങളും കുട്ടികൾക്കിടയിൽ ഉണ്ടാവുന്ന സാധാരണ പനികളുമൊക്കെ ശ്രദ്ധിക്കേണ്ട കാലമാണിത്. കൊതുക് പെരുകുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും സൂക്ഷിക്കണം. വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പകര്‍ച്ചവ്യാധി വരുത്തും. ചുമയും കഫക്കെട്ടും പനിയിലേക്കു നയിക്കും.
പനിയിൽ ശ്രദ്ധ വേണം
ഏതുതരം പനിയെന്ന് സ്വയം മനസിലാക്കാൻ ശ്രമിക്കരുത്. വെള്ളക്കെട്ടിൽ കൊതുക് പെരുകി മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരാതെ നോക്കണം. വൃത്തിയില്ലായ്മയും മലിനവെള്ളവും അസുഖം വരുത്തുന്നുണ്ട്.
മഞ്ഞപ്പിത്തം പോലുള്ളവ വെള്ളത്തിലൂടെ പകരുന്നു. എലിമൂത്രത്തിലൂടെ പകരുന്ന എലിപ്പനി റെപ്റ്റോ സ്പൈറ രോഗാണു പരത്തുന്നു. ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാധിക്കുന്നത്. സീസണൽ പനി എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടില്ല.
മഞ്ഞുകാല രോഗങ്ങൾ
നവംബർ അവസാനം മുതൽ ഏകദേശം ഫെബ്രുവരി പകുതി വരെ മഞ്ഞുകാലം നീണ്ടു നിൽക്കുന്നു. രാത്രിയിലും രാവിലെയും മഞ്ഞും തണുപ്പും പകൽ സമയത്തു ശക്തമായ വെയിലും ഈ കാലാവസ്ഥയുടെ പ്രത്യകതയാണ്.
പെട്ടന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങൾക്കും കാരണമായേക്കാം. തണുപ്പ് കാലാവസ്ഥയിൽ പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗങ്ങൾ കൂടുതൽ ഉണ്ടാകുന്നതിനു കാരണം.
ജലദോഷം, ഫ്ലൂ, തൊണ്ട പഴുപ്പ് എന്നിവ കുട്ടികളെ കൂടുതലായി ബാധിക്കുമ്പോൾ തൊലിപ്പുറമേയുള്ള അസുഖങ്ങൾ (കരപ്പൻ, സോറിയാസിസ് മുതലായവ), ആസ്ത്മ, അലർജി, വിട്ടുമാറാത്ത ചുമ എന്നീ പഴകിയ രോഗങ്ങളാണ് പ്രധാനമായും മഞ്ഞുകാലത്തു മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങൾ.
ജലദോഷം മഞ്ഞുകാലത്ത്
വിവിധ തരം വൈറസുകൾ ഇതിനു കാരണമാണ്. തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്ക് -കണ്ണ് ചൊറിച്ചിൽ, ചുമ, തലവേദന, ചെറിയ പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചികിത്സ മാത്രമേ ആവശ്യമുള്ളൂ ധാരാളം വെള്ളം കുടിക്കുക. ദിവസേന മുന്നോ നാലോ തവണ വെള്ളത്തിൽ ആവി പിടിക്കുന്നതു വളരെ നല്ലതാണ്. തണുത്ത ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
ടോൺസിലൈറ്റിസ്
പൊതുവേ അശുപത്രികളിൽ നീണ്ട ക്യു ഇഎൻടി ഡോക്ടറുടെ മുന്നിലാണ്. തൊണ്ടയെ ബാധിക്കുന്ന വൈറസ് / ബാക്റ്റീരിയ ബാധമൂലമുള്ള തൊണ്ട പഴുപ്പ്.
കഠിനമായ തൊണ്ട വേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയുമായി എത്തുന്നവരാണ് രോഗികൾ. മൂക്കൊലിപ്പ്, തുമ്മൽ, കണ്ണ് ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളോടു കൂടി വരുന്ന അലർജി രോഗക്കാരും കൂടുതലായുണ്ട്.
എല്ലാ ദിവസവും രണ്ടു നേരം ഒപിയും ഫാർമസിയിൽ ആവശ്യത്തിനു മരുന്നും ഉണ്ടാവണമെന്നാണ് രോഗികളുടെ ആവശ്യം.