ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കുട്ടികൾ രംഗത്ത്
1246320
Tuesday, December 6, 2022 10:35 PM IST
എടത്വ: ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കുരുന്നുകളുടെ കൈത്താങ്ങ്. കുട്ടനാടിന്റെ ജീവനും ജീവനോപാധിക്കും നിദാനമായ മത്സ്യസമ്പത്ത് ജലാശയങ്ങളില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്വ സെന്റ് മേരീസ് എല്‍പി സ്കൂളിലെ കുട്ടികളാണ് പമ്പയാറിന്റെ തീരമായ സെന്റ് ജോര്‍ജ് ഫൊറോന പള്ളിക്കടവില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സ്കൂളിലെ കുളത്തില്‍ കഴിഞ്ഞ കൃഷിയില്‍ വിരിഞ്ഞ മത്സ്യക്കുഞ്ഞുങ്ങളെ കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേര്‍ന്ന് ജലാശയത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പ്രധാന അധ്യാപിക ജെസി പി. ജോണ്‍, പിടിഎ പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര, മായാലക്ഷ്മി, ജിക്കു സെബാസ്റ്റ്യന്‍, അനിലോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടു ധർണ
ആലപ്പുഴ: കാർഷികരംഗത്തെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കർഷക ഫെഡറേഷൻ കളക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചു. മടവീണു നശിച്ച പാടശേഖരങ്ങൾക്ക് മടകുത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി നൽകണമെന്നും കാർഷിക കലണ്ടർ അനുസരിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സാഹചര്യം സംജാതമാക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. ജോർജ് കാരാച്ചിറ മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് ആമുഖ പ്രഭാഷണം നടത്തി.