പുളിങ്കുന്നിൽ പുതിയ ചുണ്ടൻവള്ളം
1246314
Tuesday, December 6, 2022 10:35 PM IST
മങ്കൊമ്പ്: പുളിങ്കുന്നിൽ പുതിയ ചുണ്ടൻവള്ളം പണിയാൻ തീരുമാനം. കഴിഞ്ഞദിവസം കൂടിയ പുളിങ്കുന്ന് ചുണ്ടൻവള്ളം ഓഹരി ഉടമകളുടെ പൊതുയോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിലുള്ള ഓഹരി ഉടമകളെ കൂടാതെ പുതിയ ഓഹരി ഉടമകളെക്കൂടി ഉൾപ്പെടുത്തി പുതിയ ചുണ്ടൻവള്ളം പണിയാൻ യോഗം തീരുമാനിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ് പഴയ പുളിങ്കുന്ന് ചുണ്ടൻ പുനർനിർമിച്ചിരുന്നു.
ഇത് മത്സരയോഗ്യമല്ലാതായ സാഹചര്യത്തിലാണ് പുതിയ ചുണ്ടൻ നിർമിക്കാനുള്ള തീരുമാനം. പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിയുടെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ വിക്രമൻ നായർ, മത്തായിച്ചൻ കാഞ്ഞിക്കൽ, ബാബു വടക്കേക്കളം, സലിം മങ്കൊമ്പ്, ബേബിച്ചൻ പുളിവേലിൽ, സലിം പുളിങ്കുന്ന്, തങ്കച്ചൻ വയലാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവർത്തകർക്ക് അനുമോദനം
മങ്കൊമ്പ്: നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പുളിങ്കുന്ന് ജങ്കാർ കടവ് പാലത്തിനായി പ്രവർത്തിച്ചവരെ ജനശ്രീ സംഘം യോഗം അനുമോദിച്ചു. ജനശ്രീ 115-ാം നമ്പർ യൂണിറ്റിന്റെ നേതൃത്വത്തിൽ 14 വർഷം മുൻപ് രൂപീകരിച്ച പാലം സമ്പാദകസമിതിയെയും യോഗം അനുമോദിച്ചു. കഴിഞ്ഞമാസം എട്ടിനു നടന്ന പഞ്ചായത്ത് തല യോഗത്തിലും തുടർന്ന് താലൂക്ക് ഓഫീസിൽ നടന്ന കളക്ടറുടെ അദാലത്തിലും പാലം നിർമാണത്തിനുള്ള ഉറപ്പു ലഭിച്ചതായി യോഗം വിലയിരുത്തി. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി ആദ്യം 25 കോടിയും പിന്നീട് 44.88 കോടി രൂപയും പാലത്തിനായി നീക്കിവച്ചിരുന്നു. മണ്ണുപരിശോധന, ഡിസൈനിംഗ് എന്നീ ജോലികൾ ഇതിനകം പൂർത്തിയാകുകയും ഗസറ്റിൽ വിജ്ഞാപനമിറങ്ങുകയും ചെയ്തതായി യോഗം വിശദീകരിച്ചു. ഇതിനായി പ്രയത്നിച്ച സമരസമിതി കൺവീനർ എം.പി ഫ്രഞ്ചു, തങ്കച്ചൻ വാഴച്ചിറ, രജനി ഉത്തമൻ, ബെന്നി വർഗീസ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.