ഈ പച്ചരിയെല്ലാം എന്തു ചെയ്യാനാ? കുത്തരിയും ചാക്കരിയും നൽകണം
1246313
Tuesday, December 6, 2022 10:35 PM IST
മാന്നാർ: ഞങ്ങൾ ഈ പച്ചരിയെല്ലാംകൂടി കൊണ്ടുപോയിട്ട് എന്തു ചെയ്യാനാ? - സാധാരണക്കാർ ഈ ചോദ്യം റേഷൻ കടക്കാരോടു ചോദിക്കാൻ തുടങ്ങിയിട്ടു മാസങ്ങൾ പലതായി. ഡിസംബർ എത്തിയപ്പോഴേക്കും ചോദ്യങ്ങൾ ശക്തമായിയിരിക്കുന്നു. റേഷൻ കടകളിലൂടെ ഈ മാസം വിതരണം ചെയ്യുന്ന അരിയിൽ അധികവും പച്ചരിയാണ്. മുൻ മാസങ്ങളിൽ വാങ്ങിയ പച്ചരി ചെലവാകാതെ നീക്കിയിരിക്കുമ്പോഴാണ് ഈ മാസവും പച്ചരി അധികമായി നൽകുന്നത്.
മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു കേന്ദ്ര സർക്കാർ നൽകിവരുന്ന സൗജന്യ അരി മുഴുവനും ഈ മാസം പച്ചരിയാണ്. ഒരംഗത്തിന് അഞ്ചു കിലോ അരിയാണ് സൗജന്യമായുള്ളത്. തുടക്കത്തിൽ രണ്ട് ചാക്കരി, രണ്ടു കിലോ പച്ചരി, ഒരു ഗോതമ്പ് എന്നീ കിലോ ക്രമത്തിലായിരുന്നു നൽകിയിരുന്നത്. ഗോതമ്പ് നിർത്തലാക്കിയതോടെ രണ്ടു കിലോ ചാക്കരി, മൂന്നു കിലോ പച്ചരി എന്ന ക്രമത്തിലായിരുന്നു അരി വിതരണം. ഇങ്ങനെ നൽകുന്നതിനു പുറമെ സൗജന്യ റേഷൻ പച്ചരി കൂടിയാകുമ്പോൾ ആവശ്യത്തിൽ അധികമാകുമെന്നു റേഷൻ കാർഡ് ഉടമകൾ പറയുന്നു.
റേഷനു പുറമെ പിഎംജികെഎവൈ അരിയും പച്ചരി നൽകുന്നതാണ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൊതുവിപണിയിൽ അരിവില കുത്തനെ ഉയർന്നു നിൽക്കുന്ന അവസരത്തിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന റേഷൻ കടകളിൽനിന്ന് കുത്തരിയും ചാക്കരിയും നൽകേണ്ട സമയത്താണ് പച്ചരി അധികമായി നൽകിക്കൊണ്ടിരിക്കുന്നത്.
റേഷൻ കടകളിലൂടെ കുത്തരിയും ചാക്കരിയും കൂടുതലായി നൽകണമെന്നാണ് റേഷൻ ഉപഭോക്താതാക്കളുടെ ആവശ്യം.