കുട്ടനാട്ടിലെ നെൽകർഷകർക്കുകൂടി പ്രയോജനപ്പെടണം: കർഷക കോൺഗ്രസ്
1245762
Sunday, December 4, 2022 10:55 PM IST
ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടനാടൻ ജലാശയങ്ങളിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ നെൽകൃഷിക്കായി ഒരുക്കിയിട്ട പാടശേഖരങ്ങളിൽ മടവീഴ്ച നേരിടുകയാണ്. ഈ സാഹചര്യം മനസിലാക്കി വെള്ളം ഇറങ്ങുന്ന സമയത്ത് തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ താത്കാലികമായി താഴ്ത്തി നെൽ കർഷകരെ സഹായിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ കുട്ടനാട്ടിലെ നിലവിലെ അവസ്ഥ മനസിലാക്കാതെ ബണ്ട് ഉപദേശകസമിതി എടുത്ത തീരുമാനം മൂലമാണ് കഴിഞ്ഞ ദിവസം കൈനകരി ഇരുമ്പനം പാടശേഖരത്ത് മടവീഴ്ച ഉണ്ടായതെന്ന് പ്രസിഡന്റ് മാത്യു ചെറുപറമ്പൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യംകൂടി പരിഗണിച്ച് ഏതാനും ദിവസം മാത്രം ഷട്ടറുകൾ താഴ്ത്തി കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തേണ്ടതാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15ന് അടയ്ക്കുകയും മാർച്ച് 31ന് തുറക്കുകയും ചെയ്യണം എന്ന പൊതു തീരുമാനം നിലവിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നെൽകൃഷിക്കു യോജിച്ചവിധം തീരുമാനങ്ങൾ കൈക്കൊള്ളാനും ഉപദേശക സമിതിക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കടൽ ജലനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കൃഷിയെയും ജനവാസത്തെയും സംരക്ഷിച്ചു നിലനിർത്തുന്നതിനു വേണ്ടി നിർമിതമായ റെഗുലേറ്ററാണ് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്വേയും. ഇത് കണക്കിലെടുക്കുമ്പോൾ തക്കസമയത്ത് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടത്തിന് കഴിയാതിരിക്കുന്നത് ഈ പ്രദേശത്തെ ജനങ്ങളോട് കാട്ടുന്ന നീതി നിഷേധമാണെന്നും മാത്യു ചെറുപറമ്പൻ ചൂണ്ടിക്കാട്ടി.