വയോജനങ്ങൾക്ക് നിയമപരിരക്ഷ നൽകാൻ വയോജന ക്ഷേമവകുപ്പ് വേണം: ജസ്റ്റീസ് നാരായണക്കുറുപ്പ്
1227008
Sunday, October 2, 2022 11:18 PM IST
ആലപ്പുഴ: വയോജനക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മതിയായ പരിഗണന നൽകുന്നില്ലെന്ന് ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്. സംസ്ഥാന ജനസംഖ്യയുടെ അമ്പതു ശതമാനംവരുന്ന വയോജനക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വയോജനക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക വയോജന ദിനത്തോടനുബന്ധിച്ച് ഹെൽത്തി ഏജിംഗ് മൂവ്മെന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണ് മനുഷ്യ ശരാശരി ആയുർദൈർഘ്യം വർധിക്കാൻ ഇടയാക്കിയത്. മുതിർന്ന പൗരന്മാരുടെ ശാരീരിക-മാനസിക-സാമൂഹ്യ മാറ്റങ്ങൾക്കു പരിരക്ഷ നൽകുന്നതിന് മാറി മാറി വരുന്ന സർക്കാരുകൾ അമാന്ത നിലപാടാണ് സ്വീകരിക്കുന്നത്. വയോജനക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് വയോജനക്ഷേമ നയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.കുമാരദാസ് അധ്യക്ഷത വഹിച്ചു. വാർധക്യം ആരോഗ്യകരമാക്കാം എന്ന വിഷയത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ വിഷയം അവതരിപ്പിച്ചു. എം.വി.മണി, കണിശേരി മുരളി, വി.ആർ.അശോകൻ, പ്രഫ. എൻ.ഗോപിനാഥപിള്ള കോ-ഓർഡിനേറ്റർ ആന്റണി എം.ജോൺ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി കെ.നാസർ എന്നിവർ പ്രസംഗിച്ചു.