കൈനകരിയിലെ കുടിവെള്ളക്ഷാമം: മന്ത്രിക്കു നിവേദനം നൽകി
1226596
Saturday, October 1, 2022 10:59 PM IST
മങ്കൊമ്പ്: കൈനകരി പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ പള്ളാത്തുരുത്തി പമ്പ്ഹൗസിന്റെ അപകടാവസ്ഥ പരിഹരിച്ചു പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ജലവിഭവ മന്ത്രിക്കു നിവേദനം നൽകി. കൈനകരിയിലെത്തിയ മന്ത്രിക്കു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണമാണ് നിവേദനം നൽകിയത്.
ഇരുമ്പനം പാടശേഖരത്തിന്റെയും പുത്തൻതുരം പാടശേഖരത്തിന്റെയും കൽക്കെട്ട് പുനർനിർമിച്ചു പുറംബണ്ട് സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. അടിയന്തരമായ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശം നല്കുമെന്നും മന്ത്രി ഉറപ്പു നല്കിയതായി സന്തോഷ് പട്ടണം അറിയിച്ചു.