വ്യാപാരസ്ഥാപനങ്ങൾ പൂട്ടിയാൽ നേരിടും
1226332
Friday, September 30, 2022 10:55 PM IST
കായംകുളം: മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള കെട്ടിടങ്ങളിൽ വാടക കുടിശികയുള്ള സ്ഥാപനങ്ങൾ പൂട്ടും എന്ന മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്മാരുടെ ഭീഷണി നിർത്തണമെന്ന് വ്യാപാരി വ്യാവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരേ നിയമപരമായി വ്യാപാരികൾക്കുവേണ്ട സാവകാശം വാങ്ങി നൽകാൻ ഏകോപനസമിതി മുന്നോട്ടുവരും. കായംകുളത്തെ ഒരു വ്യാപാരസ്ഥാപനവും ഇതിന്റെ പേരിൽ പൂട്ടാൻ അനുവദിക്കില്ല.
വ്യാപാരികളുടെ ലൈസൻസ് ഫീ വർധന, തൊഴിൽകരം, കെട്ടിട നികുതിയടക്കമുള്ള മറ്റ് വർധനവുകൾ എന്നിവയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും കൗൺസിലിൽ ഒറ്റക്കെട്ടാണ്. ഈ രാഷ്ട്രീയ പാർട്ടികൾതന്നെ പിരിവിനായി വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, വ്യാപാരികളുടെ വിഷയത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും അനുകൂല നിലപാടുകൾ മുനിസിപ്പൽ കൗൺസിലിൽ എടുക്കാൻ തയാറാകുന്നില്ല.
മുനിസിപ്പാലിറ്റിയിൽ എത്തുന്ന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരു ആവശ്യത്തിനായി വിവിധ വകുപ്പുകളിൽ അഞ്ചുദിവസമെങ്കിലും കയറിയാലേ കാര്യങ്ങൾ നടത്തിയിറങ്ങാൻ പറ്റുകയുള്ളൂ. പല വകുപ്പുകളിലും ജീവനക്കാർ ഫീൽഡിൽ പോയിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്.
‘ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, ആരോട് പറയാൻ' എന്ന പ്രതിജ്ഞ ചൊല്ലിക്കൊണ്ട് എല്ലാ വ്യാപാരികളും നവംബർ ഒന്ന് കേരളപ്പിറവി ദിനം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടനകൾക്കും പിരിവുകൾ നൽകില്ല എന്ന സ്റ്റിക്കർ പതിക്കും.
വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ്, രക്ഷാധികാരി എ.എം. ഷരീഫ്, പി.സോമരാജൻ, എം. ജോസഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, സജു മറിയം, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.