തെരുവു നായ കരിനിഴല്‍ വീഴ്ത്തിയ കുടുംബം കനിവിനു കേഴുന്നു
1225264
Tuesday, September 27, 2022 10:51 PM IST
ഹരിപ്പാട്: കുടുംബത്തിന് അത്താണിയാകേണ്ട യുവാവിന്റെ ജീവിതം തെരുവുനായ താറുമാറാക്കി. ഉത്രാടദിനരാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് നായ കുറുകെ ചാടിയത്. ഇതേത്തുടർന്ന് താമല്ലായ്ക്കല്‍ മാരുതി നിവാസില്‍ അമലും (19), മാരുതി നിവാസില്‍ ആകാശും സഞ്ചരിച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടു. അമലാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നില്‍ യാത്ര ചെയ്തിരുന്ന ആകാശ് ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു.
പ്ലസ് ടു വിദ്യാര്‍ഥിയായ അമല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോടുമല്ലടിക്കുകയാണ്. തലച്ചോറിലേക്കുള്ള ഞരമ്പിനു ക്ഷതമേറ്റതിനെത്തുടര്‍ന്ന് ഒരു മേജര്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയും രണ്ടു ശസ്ത്രക്രിയ കൂടി നടത്തണം. ആശുപത്രിയിലെ ഓര്‍ത്തോ ഐസി യൂണിറ്റില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അമല്‍.
നിര്‍ധനകുടുംബത്തിലെ അംഗമായ അമലിന്റെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ ചെലവായി. ഇനിയും തുടര്‍ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപയിലധികം വേണ്ടിവരും. ഇടതുവലതുകൈകള്‍ പൊട്ടിയതുകാരണം രണ്ടു ശസ്ത്രക്രിയകള്‍ കൂടി നടത്തണം. അമലിന്റെ അച്ഛന് സനില്‍കുമാര്‍ കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
ഉദരസംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കുന്ന സനിലിന് ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അമ്മ സുധ ഹരിപ്പാട്ടെ ഒരു തുണിക്കടയില്‍ താത്കാലിക ജീവനക്കാരിയാണ്. പ്ലസ് ടു പാസായ അമല്‍ തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. നാട്ടിലെ ചിലര്‍ ചെറിയ ചെറിയ സഹായങ്ങള്‍ നല്‍കിയതിലൂടെയാണ് ഇപ്പോഴത്തെ ചികിത്സ മുന്നോട്ടുപോകുന്നത്.
ഇനിയുള്ള ശസ്ത്രക്രിയകള്‍ നടത്താന്‍ കുടുംബത്തിന് ഒരു മാര്‍ഗവുമില്ല. സനില്‍കുമാറിന് ഹരിപ്പാട് യൂണിയന് ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പര്‍ 556002010005515.