മുക്കുപണ്ടം പണയംവച്ച് മുങ്ങിയ യുവാവ് പിടിയിൽ
1225259
Tuesday, September 27, 2022 10:51 PM IST
അമ്പലപ്പുഴ: മുക്കുപണ്ടം പണയം വച്ച് പണമെടുത്ത ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് കുറവൻ തോടുവെളിയിൽ തൻസീറി (23) നെയാണ് പുന്നപ്ര എസ്ഐ സിസിൽ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
കുറവൻതോട് ജംഗ്ഷനു പടിഞ്ഞാറ് ഭാഗം പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞമാസം 24ന് മൂന്നു പവൻ തൂക്കം വരുന്ന മാല പണയം വച്ച് 80,000 രൂപ വാങ്ങി. പിന്നീട് സ്ഥാപനമുടമ നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തൻസീറിനെ റിമാൻഡ് ചെയ്തു.
കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു
പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ വേലംപറമ്പിൽ രഘുനാഥപിള്ള (74) യാണ് കളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. പള്ളിപ്പുറം ശാസ്താംകുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ചേർത്തലയിൽനിന്നു അഗ്നിശമനസേന കുളിത്തിൽ തിരച്ചിൽ നടത്തിയപ്പോൾ രഘുനാഥപിള്ളയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിത്ത്, രതീഷ്, ശ്രീരഞ്ജിനി. മൃതദേഹം ചേർത്തല ഗവ. ആശുപത്രി മോർച്ചറിയിൽ.