ആലപ്പുഴ: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ ജനങ്ങള്‍ തയാറായില്ലെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന് യോഗം വിലയിരുത്തി.
രോഗപ്രതിരോധ നിരീക്ഷണ സംവിധാനം ഊര്‍ജിതമാക്കാനും കോവിഡ് ബാധിതര്‍ക്കായി പരമാവധി പരിചരണ കേന്ദ്രങ്ങള്‍ ഒരുക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. രണ്ടു ഡോസ് വാക്സിന് എടുത്തതുകൊണ്ട് മുന്‍കരുതല്‍ വേണ്ടതില്ല എന്ന സമീപനം അപകടകരമാണ്.
അതുകൊണ്ടുതന്നെ തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ പ്രതിരോധ സമിതികള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തണം. ജനപ്രതിനിധികളെയും രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികളെയും ആശാ പ്രവര്‍ത്തകരെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാന് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനു നിരീക്ഷണ സംവിധാനം ശക്തമാക്കണം. വ്യാപാര സ്ഥാപനങ്ങളിലും വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ ഇടപെടല്‍ വേണം. എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെും യോഗം ചേര്‍ന്ന് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ കുറ്റമറ്റതെന്ന് ഉറപ്പാക്കണം.
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സിഎഫ്എല്‍ടിസികള്‍ പോലുള്ള പരിചരണ കേന്ദ്രങ്ങള്‍ ഏതു സമയത്തും തുറക്കാവുന്ന രീതിയില്‍ സജ്ജമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സേവനം മുടങ്ങാതിരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തണം.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്ക്കും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കിടക്കകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ ആവശ്യത്തിന് ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ എംഎല്‍എമാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, ദലീമ ജോജോ, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, സബ് കളക്ടര്‍ സൂരജ് ഷാജി, ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, മുനിസിപ്പല്‍ ചെയര്മാന്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1339 പേര്‍ക്കുകൂടി
കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 1339 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1186 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 33.14 ശതമാനമാണ്. 196 പേര് രോഗമുക്തരായി. നിലവില്‍ 5915 പേര് ചികിത്സയില്‍ കഴിയുന്നു.