കായംകുളം: ഇടശേരി ജംഗ്ഷനു സമീപം വാഹനം തടഞ്ഞുനിർത്തി വാഹനത്തിൽ ഉണ്ടായിരുന്ന അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000- രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
കായംകുളം കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ താറാവ് ശ്യാം എന്ന് വിളിക്കുന്ന ശ്യാംലാലി(24) നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പത്തോളം പേർ ചേർന്ന് നടത്തിയ ഈ കവർച്ചാ കേസിലെ ശ്യാംലാലിന്റെ കൂട്ടുപ്രതികളായ അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്. പ്രവീൺ, അഖിൽ എന്നീ എട്ടു പേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒളിവിൽ പോയ ശ്യാംലാൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്ന് ഒളിവിലായിരുന്ന ശ്യാംലാൽ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കായംകുളം കനകക്കുന്ന് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, പോക്സോ ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കീരിക്കാട് വെളുത്തേടത്ത് പടീറ്റതിൽ വീട്ടിൽ കയറി അടിപിടി ഉണ്ടാക്കിയ കേസിലും ഐക്യ ജംഗ്ഷനിൽ നടന്ന അടിപിടി കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ് ദേവിന്റെ നിർദ്ദേശത്തിത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്യാംലാലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.