ആലപ്പുഴ: കോവിഡ് വാക്സിനേഷൻ ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടും കുത്തിവയ്പ് എടുക്കാൻ കഴിയാത്തവരും ഇതുവരെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന ആരോഗ്യപ്രവർത്തകരും ആലപ്പുഴ വനിതാശിശു ആശുപത്രി, ജനറൽ ആശുപത്രി, ആലപ്പുഴ, ചെങ്ങന്നൂർ മാവേലിക്കര ജില്ലാ ആശുപത്രികൾ, ചേർത്തല, ഹരിപ്പാട്, കായംകുളം, തുറവൂർ, പുളിങ്കുന്ന് താലൂക്ക് ആശുപത്രികൾ, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് മുൻകൂർ സമയമെടുത്ത് മാർച്ച് അഞ്ചിനു മുൻപായി വാക്സിൻ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടും എടുക്കാൻ കഴിയാതെ പോയതും ഇതുവരെ രജിസ്റ്റർ ചെയ്യാനാകാതെ പോയതുമായ പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് മുന്നണിപ്പോരാളികളായ ഉദ്യോഗസ്ഥർ കലവൂർ, അരൂർ, എടത്വ, പുറക്കാട്, കുറത്തികാട്, മുതുകുളം എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് മുൻകൂട്ടി സമയമുറപ്പാക്കി അഞ്ചിനു മുൻപായി വാക്സിൻ എടുക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനിടയുള്ള വാക്സിൻ എടുക്കാൻ സന്ദേശം ലഭിച്ചതും ലഭിക്കാത്തവരുമായ ജീവനക്കാർ അവരവരുടെ താമസ സ്ഥലത്തിനടുത്തോ, ജോലിസ്ഥലത്തിനടുത്തോ ഉള്ള ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് മുൻകൂർ സമയമുറപ്പിച്ച് മാർച്ച് അഞ്ചിനകം വാക്സിനെടുക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.