കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്നയാളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ
1461074
Tuesday, October 15, 2024 12:08 AM IST
തിരുവല്ല: കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്നയാളുടെ പോക്കറ്റിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ തിരുവല്ല പോലീസ് പിടികൂടി. കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ട് ചവിട്ടുവരി മിനിമന്ദിരത്തിൽ ശിവപ്രകാശാണ് (50) പിടിയിലായത്.
അടൂർ കൗസ്തുഭം വീട്ടിൽ നൈസാം, വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ കഴിഞ്ഞദിവസം രാത്രി തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിലാണ് സംഭവം. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ തിരക്കിനിടയിൽ പോക്കറ്റിൽനിന്ന് രണ്ട് ഫോണുകളും മോഷ്ടാവ് കവർന്നെടുക്കുകയായിരുന്നു.
എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസ് അറിയിച്ചതനുസരിച്ച് തിരുവല്ല സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.