ദുര്‍ഘട സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും മുന്നോട്ടുകൊണ്ടുവരും: പി. സതീദേവി
1461067
Tuesday, October 15, 2024 12:08 AM IST
പെരുനാട്: സമൂഹത്തില്‍ ദുര്‍ഘട സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും സാമൂഹിക മാറ്റത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുവാന്‍ വനിതാ കമ്മീഷന് പ്രതിജ്ഞാബദ്ധമാണെന്ന് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി.
റാന്നി പെരുനാട് കമ്യൂണിറ്റി ഹാളില്‍ നടന്ന ഏകോപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെയർപേഴ്സൺ. മുന്‍കാലങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു പരിഹരിക്കുന്നതായിരുന്നു വനിതാ കമ്മീഷന് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ സമൂഹത്തില്‍ പരാതി പറയാന്‍പോലും സാഹചര്യം ലഭിക്കാത്ത വിഭാഗങ്ങളുണ്ടെന്ന് ഇന്നിപ്പോൾ കമ്മീഷനു ബോധ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേള്‍ക്കാനും അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാനും തീരുമാനിച്ചത്. ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് ആവശ്യമായ ശിപാര്‍ശകള്‍ സര്‍ക്കാരിന് നല്കി അതിലൂടെ ഈ മേഖലകളില്‍ സാമൂഹിക മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം.
അട്ടത്തോട് മേഖലയില്‍ രാവിലെ വനിതാ കമ്മീഷന് ചില വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. വീടുകളിലെ അവസ്ഥകൂടി കണ്ടറിഞ്ഞാണ് കമ്മീഷൻ നിർദേശങ്ങൾ നൽകിയത്.
പട്ടികവര്‍ഗ മേഖലയില്‍ സ്കൂളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
വനിതാ കമ്മീഷന് അംഗം ഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കമ്മീഷന് അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, പി. കുഞ്ഞായിഷ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, ലോ ഓഫീസര്‍ ചന്ദ്രശോഭ, ഡിടിഡിഒ പ്രതിനിധി എസ്.എ. നജീം, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ചര്‍ച്ചയ്ക്ക് വനിതാ കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന നേതൃത്വം നല്കി.
രാവിലെ വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി, അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ അട്ടത്തോട് പട്ടികവര്‍ഗ മേഖലയില്‍ ഗൃഹ സന്ദര്‍ശനം നടത്തി.
ഒറ്റയ്ക്ക് കഴിയുന്നവരും കിടപ്പു രോഗികളുമായ വനിതകള്‍ താമസിക്കുന്ന വീടുകളിലായിരുന്നു സന്ദര്‍ശനം.രണ്ടാം ദിവസമായ ഇന്നു നടക്കുന്ന ശില്പശാല വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി ഉദ്ഘാടനം ചെയ്യും. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് അധ്യക്ഷത വഹിക്കും.
പട്ടികവര്ഗക്കാര്ക്കുവേണ്ടിയുള്ള പൊതു പദ്ധതികള്‍ എന്ന വിഷയത്തില്‍ റാന്നി ഡിടിഡിഒയിലെ എസ്എസ് എം. നജീബും പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും എന്ന വിഷയത്തില്‍ ഫാമിലി കൗണ്‍സിലറും ലൈഫ് കോച്ചുമായ പ്രഭയും ക്ലാസ് എടുക്കും.