ശബരിമല സ്പോട്ട് ബുക്കിംഗ് നിർത്തിയതിനെതിരേ കളക്ടറേറ്റ് മാർച്ച്
1461063
Tuesday, October 15, 2024 12:08 AM IST
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്താനുള്ള നീക്കത്തിനെതിരേ പ്രത്യക്ഷ സമരപരിപാടികൾക്കു തുടക്കം. അയ്യപ്പ സേവാസമാജം പത്തനംതിട്ട കളക്ടറേറ്റിനു മുന്പിൽ ഇന്നലെ ധർണ നടത്തി. സേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ധർണ ഉദ്ഘാടനം ചെയ്തു.
ഭക്തർക്ക് സുഗമമായ ദർശനം നിഷേധിക്കുന്ന ഏതു നീക്കത്തിനെതിരേയും കൃത്യമായ പരിപാടികളുടെ അടിസ്ഥാനത്തിൽ പ്രതിഷേധനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് രാഷ്ട്രീയം മാറ്റിവച്ച് ഭക്തർക്കുവേണ്ടി നിലകൊള്ളണം. ആചാരങ്ങളെ നിഷ്കരുണം പ്രഹരിക്കുകയാണ്. ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ ആദ്യം അക്ഷയ സെന്ററില്‍ കാണിക്കയിടേണ്ട അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ഡി. പത്മകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു, അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.