കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചയാൾ അറസ്റ്റിൽ
1461060
Tuesday, October 15, 2024 12:08 AM IST
പത്തനംതിട്ട: മുൻവിരോധത്താൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവൻ വീട്ടിൽ കെ. സോജു (35) വാണ് പിടിയിലായത്. ശനിയാഴ്ച രാത്രി പത്തിനുശേഷം മലയാലപ്പുഴ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ മലയാലപ്പുഴ കടുവാക്കുഴി രമ്യാ ഭവനിൽ രാഹുൽ കൃഷ്ണനാണ് പാറക്കല്ലുകൊണ്ടുള്ള ആക്രമണത്തിൽ മാരകമായി തലയ്ക്ക് പരിക്കേറ്റത്. സോജുവിനോട് വിരോധത്തിൽ കഴിയുന്നയാളുമായി രാഹുൽ സഹകരിക്കുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട രാഹുലിന്റെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സോജുവിനെ പിടികൂടിയത്.