റണ്ണിംഗ് കോൺട്രാക്ട് : ഫണ്ടില്ല; റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകുന്നു
1460667
Saturday, October 12, 2024 2:22 AM IST
പത്തനംതിട്ട: റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനും മറ്റ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനുംവേണ്ടി ഏർപ്പെടുത്തിയ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികൾ ഫണ്ടിന്റെ കുറവുമൂലം പൂർണമാക്കാൻ കഴിയുന്നില്ലെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഇപ്പോൾ നടന്നു വരുന്ന റണ്ണിംഗ് കോൺട്രാക്ട് പണികളിൽ മിക്കതിന്റെയും കരാർതുകയ്ക്കുള്ള പണികൾ പൂർത്തിയായി. എങ്കിലും തുടർന്ന് പണികൾ ചെയ്യിക്കാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുകയാണ്. ഭരണാനുമതിക്കപ്പുറം പണികൾ ചെയ്താൽ കരാറുകാർക്ക് പണം കിട്ടില്ല.
നവംബർ പകുതിക്ക് മുൻപ് പൂർത്തിയാക്കേണ്ട ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഭരണാനുമതി ഇതേവരെ നൽകിയിട്ടില്ല.
റോഡ് അറ്റ കുറ്റപ്പണികൾക്കായി അടിയന്തരമായി 500 കോടി രൂപയെങ്കിലും സർക്കാർ അനുവദിക്കുന്നില്ലെങ്കിൽ കുഴികളുടെ എണ്ണവും വലിപ്പവും വർധിക്കുമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി.
ദേശീയ പാത 66-ലെ നിർമാണ പ്രവൃത്തികളിൽ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദേശിയപാത അഥോറിറ്റി ഉടൻ ഇടപെടണം.
കരാർ വ്യവസ്ഥകൾ പ്രകാരം കമ്പനികൾ അനുവർത്തിക്കേണ്ട ഗതാഗത മാനേജ്മെന്റ് നടപ്പാക്കപ്പെടുന്നില്ല. ഹൈക്കോടതി ഇടപെട്ടിട്ടുപോലും ഗാഗതതടസം തുടരുകയാണെന്നും ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വർഗീസ് കണ്ണന്പള്ളി പറഞ്ഞു.